ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെതിരെ താൻ തോറ്റുപോയെന്ന് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു താരം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ രണ്ട് തവണ സ്മിത്തിനെ അശ്വിൻ പുറത്താക്കിയിരുന്നു. പരമ്പരയിൽ മികച്ച ബാറ്റിംഗ് കാഴ്ചവെക്കാനും സ്മിത്തിനു കഴിഞ്ഞിരുന്നില്ല. 8 റൺസാണ് സ്മിത്തിൻ്റെ ടോപ്പ് സ്കോർ.
“അശ്വിനെതിരെ നന്നായി കളിക്കാന്‍ എനിക്കായില്ല. അശ്വിനില്‍ ഞാന്‍ കുറച്ചുകൂടി സമ്മര്‍ദം ഉണ്ടാക്കേണ്ടിയിരുന്നു. ഇപ്പോൾ അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതുവരെ ഒരു സ്പിന്നറെയും ഞാന്‍ അതിന് അനുവദിച്ചില്ല. കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.”- സ്മിത്ത് പറഞ്ഞു.
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിനാണ് വിജയിച്ചത്. 70 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗർവാളിൻ്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മൻ ഗിൽ (35), അജിങ്ക്യ രഹാനെ (27) എന്നിവർ പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ കിടിലൻ സെഞ്ചുറി നേടിയ രഹാനെയാണ് കളിയിലെ താരം. ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 1-1ന് സമനില പിടിച്ചു. ജനുവരി ഏഴിന് സിഡ്നിയിലാണ് അടുത്ത മത്സരം.
إرسال تعليق