ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍


ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്.

ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കൈവരാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മരണനിരക്ക് കൂടുമോ വാക്‌സിന്‍ ഫലവത്താകുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പഴയ വൈറസിനേക്കാള്‍ 70 ശതമാനം വരെ കൂടുതല്‍ വ്യാപന സാധ്യതയുള്ളതാണ് പുതിയ വൈറസെന്നാണ് പഠനം.

രാജ്യത്ത് അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിനെ കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ലണ്ടനും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടും അതിജാഗ്രതമേഖലകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് ആനുവാദമുള്ളു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇംഗ്ലണ്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് വൈറസിനുണ്ടായ ജനിതകമാറ്റം വ്യക്തമായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement