സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് അവസരമൊരുക്കി വ്യവസായ വകുപ്പ് തയ്യാറാക്കിയ കേരളാ ഇ മാര്‍ക്കറ്റ് വെബ് പോര്‍ട്ടല്‍ സജീവം


സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് അവസരമൊരുക്കി വ്യവസായ വകുപ്പ് തയ്യാറാക്കിയ കേരളാ ഇ മാര്‍ക്കറ്റ് വെബ് പോര്‍ട്ടല്‍ സജീവം. മെയ് 12 ന് പുറത്തിറിക്കിയ പോര്‍ട്ടലില്‍ ഇതുവരെ ഉല്‍പാദകരും വിപണനക്കാരുമായ 1449 പേര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതലും ഉല്‍പാദകരാണ്. 14 ജില്ലകളിലായി 1331 സ്ഥാപനങ്ങള്‍  ഉല്‍പന്നങ്ങളുടെ വിപണനത്തിനായി രജിസ്റ്റര്‍ ചെയ്തു. 33 പൊതുമഖലാ സ്ഥാപനങ്ങളും പോര്‍ട്ടല്‍ സൗകര്യം ഉപയോഗിക്കുന്നു. 
തൃശ്ശൂര്‍ ജില്ലയിലാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. 322 സ്ഥാപനങ്ങള്‍ ഇവിടെ പോര്‍ട്ടല്‍ സംവിധാനം ഉപയോഗിച്ചു.  എറണാകുളത്ത് 147 ഉം കോട്ടയത്ത് 140 ഉം സ്ഥാപനങ്ങളാണ് രജിസ്്റ്റര്‍ ചെയ്തത്. ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളാണ് പോര്‍ട്ടലില്‍ കൂടുതലും. 330 സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തു. 
ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, മരവ്യവസായം, കൃഷി, പ്ലാസ്റ്റിക്, കരകൗശലം, ലോഹവ്യവസായം തുടങ്ങി മുപ്പത്തഞ്ചോളം മേഖലയിലുള്ള സംരംഭങ്ങള്‍ സര്‍ക്കാരിന്റെ നൂതന സംവിധാനം ഉപയോഗിക്കുന്നു.  സംരംഭകര്‍ക്ക് അവരുടെ സ്ഥാപനത്തെ കുറിച്ചും ഉല്‍പ്പന്നങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ചേര്‍ക്കാനും ഉല്‍പ്പന്നങ്ങളുടെ ചിത്രവും വിലവിവരവും ഉല്‍പ്പന്നത്തെ കുറിച്ച് ചെറിയ വിവരണവും നല്‍കാനും സൗകര്യം ഒരുക്കിയാണ് പോര്‍ട്ടല്‍ സജ്ജമാക്കിയത്. ഇത് സംരംഭകരെ ആകര്‍ഷിച്ചു. സംരംഭകര്‍ക്ക് വിതരണക്കാരെ കണ്ടെത്താനും വിതരണക്കാര്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും എളുപ്പത്തില്‍ സാധിക്കുന്നു എന്നത് പോര്‍ട്ടലിന്റെ വിജയത്തിന് വഴിയൊരുക്കി. ഉല്‍പ്പന്നത്തിന്റെ ഉടമകളുമായി വിതരണക്കാര്‍ക്ക് ഫോണ്‍ വഴിയോ ഇ മെയില്‍ വഴിയോ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ബന്ധപ്പെടാനാകും എന്ന സവിശേഷതയും പോര്‍ട്ടലിനെ ജനകീയമാക്കി. 
ചെറുകിട സംരംഭങ്ങള്‍ക്ക് അന്താരാഷ്ട്ര കമ്പനികളുമായി അനായാസം ബന്ധപ്പെടാനുള്ള അവസരമാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ തുറന്ന് നല്‍കിയത്. ഒപ്പം കയറ്റുമതിക്കുള്ള അവസരവും  സൃഷ്ടിക്കപ്പെട്ടു.  വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെബിപ്)  ആണ് വെബ്പോര്‍ട്ടലിന്റെ ചുമതല. www.keralaemarket.com, www.keralaemarket.org എന്നതാണ് വെബ്സൈറ്റ് വിലാസം. എം എസ് എം ഇ കളെ ജില്ലാ വ്യവസായ കേന്ദ്രങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെ പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) രജിസ്ട്രേഷന് സഹായിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement