ഷാർജ: വനിതാ ട്വന്റി20 ചലഞ്ച് ഫൈനലിൽ സൂപ്പർനോവാസിനെ അട്ടിമറിച്ച് ട്രെയിൽബ്ലെയ്സേഴ്സിന് കിരീടം. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പർനോവാസിനെ 16 റൺസിന് തകർത്താണ് ട്രെയിൽബ്ലെയ്സേഴ്സ് കന്നിക്കിരീടം സ്വന്തമാക്കിയത്.
ട്രെയിൽബ്ലെയ്സേഴ്സ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർനോവാസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ.
36 പന്തിൽ നിന്ന് രണ്ടു ഫോറുകളടക്കം 30 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് സൂപ്പർനോവാസിന്റെ ടോപ് സ്കോറർ. ചമരി അട്ടപ്പട്ടു (6), ജെമിമ റോഡ്രിഗസ് (13), തനിയ ഭാട്ടിയ (14) എന്നിവർക്കൊന്നും തന്നെ വിജയത്തിലേക്ക് പൊരുതിനോക്കാനായില്ല.
സൽമ ഖാട്ടുൻ ട്രെയിൽബ്ലെയ്സേഴ്സിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രെയിൽബ്ലെയ്സേഴ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 118 റൺസെടുത്തത്.
ഓപ്പണിങ് വിക്കറ്റിൽ 67 പന്തിൽ 71 റൺസടിച്ച ശേഷം ട്രെയിൽബ്ലെയ്സേഴ്സ് തകരുകയായിരുന്നു. 49 പന്തിൽ നിന്ന് മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 68 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ട്രെയിൽബ്ലെയ്സേഴ്സിന്റെ ടോപ് സ്കോറർ. ദിയാന്ദ്ര ഡോട്ടിൻ 20 രൺസെടുത്തു.
പിന്നീട് വന്നവർക്ക് ആർക്കും തന്നെ ട്രെയിൽബ്ലെയ്സേഴ്സ് സ്കോറിലേക്ക് കാര്യമായി സംഭാവനചെയ്യാനായില്ല.
നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രാധ യാദവാണ് ട്രെയിൽബ്ലെയ്സേഴ്സിനെ തകർത്തത്.
إرسال تعليق