വ്യാവസായ മേഖലയില്‍ നാഴികക്കല്ലാകാന്‍ പോകുന്ന കൊച്ചി -ബംഗളൂരു വ്യാവസായ ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി (നിക്ഡിറ്റ്) സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പു വച്ചു. വ്യാവസായ ഇടനാഴി പ്രദേശങ്ങളും നിര്‍ദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളാണ് ഒപ്പു വച്ചത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി -ബംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി.
നിക്ഡിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സഞ്ജയ് മൂര്‍ത്തിയും സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യാവസായ ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അല്‍കേഷ് കുമാര്‍ ശര്‍മ്മയും, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശിയുമാണ് കരാറില്‍ ഒപ്പു വെച്ചത്. പദ്ധതികളുടെ വിശദമായ ആസൂത്രണം, രൂപകല്‍പന, നടപ്പാക്കല്‍, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്കായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി രൂപീകരിക്കുന്ന ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സിയുടെയും പ്രതിനിധികള്‍ ഉണ്ടാകും.
പദ്ധതിക്ക് കീഴില്‍ കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിയാണ് പ്രാരംഭ പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുള്ളത്. പരിസ്ഥിതി സൗഹാര്‍ദ്ദമായി മലിനീകരണ രഹിത സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിജ്ഞാനം, ധനകാര്യം, ബാങ്കിംഗ്, ഹൈടെക് സേവനങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
നിര്‍മ്മാണം ആരംഭിച്ച്് അഞ്ച് വര്‍ഷത്തിനുള്ളില്‍ 22000 നേരിട്ടുള്ള തൊഴിലും 80000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം നിക്ഷേപത്തില്‍ മധ്യ ചെറുകിട വ്യവസായങ്ങളുടെ വിഹിതം 3000 കോടി രൂപയും സംസ്ഥാനത്തിന് അതിലൂടെയുള്ള നികുതി വരുമാനം പ്രതിവര്‍ഷം 585 കോടി രൂപയുമാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്‌സ്, ഐ.ടി., ബയോടെക്‌നോളജി, ലൈഫ് സയന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഉല്പാദന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടനാഴിയില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍ക്ക് ഭൂമിയുടെ ലഭ്യതയും സൃഷ്ടിക്കുന്ന ജോലികളില്‍ ഉയര്‍ന്ന മൂല്യവര്‍ധനവും ഉറപ്പാക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് ജില്ലകള ഉള്‍പ്പെടും.
إرسال تعليق