ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. ശേഷിക്കുന്ന മദ്ധ്യഭാഗത്തെ സ്കാനിന്റെ ഉപരിതല വാർപ്പിന്റെ ഒന്നാം ഘട്ടം തിങ്കളാഴ്ച പൂർത്തിയാക്കി . 144 മീറ്റർ നീളവും 12 മീറ്റർ വീതിയും വരുന്ന പാലത്തിന്റെ ഇരു ഭാഗത്തെയും 48 മീറ്റർ വീതം വരുന്ന സ്പാനുകളുടെ വാർപ്പ് ലോക്ക് ഡൗണിന് മുൻപ് പൂർത്തിയായിരുന്നു. ശേഷിക്കുന്ന 48 മീറ്റർ വരുന്ന അടിത്തട്ടിന്റെയും ഉൾവശത്തേയും വാർപ്പാണ് തിങ്കളാഴ്ച പൂർത്തിയാക്കിയത്.
ഇതിനായി 80 ടൺ കമ്പിയും 180 എം ക്യൂബ് വാർപ്പും വേണ്ടിവന്നു. 10 ദിവസം കഴിയുമ്പോൾ സ്ലാബ്, നടപ്പാത ഉൾപ്പെടെയുള്ള ഉപരിതല വാർപ്പും നടത്തും. കൈവരി, അപ്രോച്ച് റോഡ്, ടാറിംങ്ങ് എന്നിവയടക്കം മുഴുവൻ പണികളും നവംബർ 30 നകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിപ്പുഴയിൽ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുന്നത്. തുടങ്ങി 4 വർഷമായ പാലം പണിക്കിടെ നിരവധി പ്രതിബന്ധങ്ങളാണ് ഉണ്ടായത് . 2017 ആഗസ്റ്റിലെ വെള്ളപൊക്കത്തിൽ നേരത്തെ നിർമിച്ച പൈൽ ഒഴുകി പോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയും സൃഷ്ടിച്ചു. തുടർന്ന് വന്ന കാലവർഷവും നിർമ്മാണപ്രവർത്തി തടസ്സപ്പെടുത്തി. രാജ്യത്തെ നാലു പ്രമുഖ പാലം നിർമാണ വിദഗ്ധർ സന്ദർശിച്ച് പൈലുകളുടെ ആഴവും എണ്ണവും വർധിപ്പിച്ചുമാണ് പണികൾ നടത്തിയത്. ഒടുവിൽ നാലു മാസം മുൻപ് പൂർത്തിയാവേണ്ടിയിരുന്ന പാലം കൊറോണാ വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗൺ കാരണം വീണ്ടും നീണ്ടുപോവുകയായിരുന്നു .
കെഎസ് ടിപി അസി.എക്സിക്യട്ടീവ് എൻജിനിയർ ഷീല ചോറൻ, അസി.എൻജിനിയർ കെ.വി. സതീശൻ, കൺസൽട്ടൻസി കമ്പിനി റിസഡന്റ് എൻജിനിയർ പി.എൻ. ശശികുമാർ, ബ്രിഡ്ജസ് എൻജിനിയർ കെ.കെ. രാജേഷ്, ഇ കെ കെ കമ്പിനി പ്രതിനിധി ശിവദാസ് എന്നിവർ തിങ്കളാഴ്ച നടന്ന കോൺക്രീറ്റ് പണികൾക്ക് നേതൃത്വം നൽകി. ഇരിട്ടി ഉൾപ്പെടെ 7 പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി - വളവുപാറ റോഡ് നവീകരിക്കുന്നത്.
إرسال تعليق