വൈദ്യുതവാഹനങ്ങൾ മൂന്നുമാസത്തേക്ക് സൗജന്യമായി ചാർജ് ചെയ്തുനൽകാൻ വൈദ്യുതിബോർഡ് തീരുമാനിച്ചു. കോർപ്പറേഷൻപരിധികളിൽ സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകൾ വഴിയാണിത്. നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങും.
ആദ്യ മൂന്നുമാസത്തിനുശേഷം ചാർജിങ്ങിന് പണം ഈടാക്കിത്തുടങ്ങും. ഉപഭോക്താവിന് സ്വയം ചാർജ് ചെയ്യാം. പണം ഓൺലൈനിൽ അടച്ചാൽമതി. ഇതിനായി മൊബൈൽ ആപ്പ് ഉണ്ടാകും.
ആപ്പിൽ ഏറ്റവും സമീപത്തെ ചാർജിങ് സ്റ്റേഷനേത്, അവിടത്തെ ചാർജിങ് സ്ലോട്ട് ഒഴിവുണ്ടോ എന്നീ വിവരങ്ങൾ അറിയാം. ഒരുസമയം മൂന്ന് വാഹനങ്ങൾക്കാണ് ചാർജ് ചെയ്യാനാവുക.
ആപ്പിൽ മുൻകൂട്ടി പണം അടച്ച്, നിർദേശിക്കപ്പെടുന്ന സമയത്ത് ആ ചാർജിങ് സ്റ്റേഷനിൽ എത്താം. അല്ലെങ്കിൽ ചാർജിങ് സ്റ്റേഷനിലെത്തിയശേഷം പണം അടയ്ക്കുകയുമാവാം.
56 സ്റ്റേഷനുകൾകൂടി ഉടൻ നിർമിക്കും. ഇവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ആദ്യ ആറ് ചാർജിങ് സ്റ്റേഷനുകൾ: തിരുവനന്തപുരം (നേമം) , കൊല്ലം (ഓലയിൽ) എറണാകുളം (പാലാരിവട്ടം), തൃശ്ശൂർ (വിയ്യൂർ), കോഴിക്കോട് (നല്ലളം), കണ്ണൂർ (ചൊവ്വ).
إرسال تعليق