സംസ്ഥാനത്ത് നൂറു കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി ഒരാഴ്ചയ്ക്കകം അനുമതി



നൂറു കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി ഒരാഴ്ചയ്ക്കകം അനുമതി.
ഇതുസംബന്ധിച്ച നിയമഭേദഗതി നിലവില്‍ വന്നു. 2019 ലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സുഗമമാക്കല്‍ നിയമമാണ് ഭേദഗതി ചെയ്തത്. നിലവില്‍ ഈ നിയമപ്രകാരം 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. ഈ നിയമത്തില്‍ ഇതര വ്യവസായ സ്ഥാപനങ്ങള്‍ എന്ന കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാണ് 100 കോടി വരെയുള്ള സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയത്. നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയാല്‍ ഒരാഴ്ചയ്ക്കകം ആവശ്യമായ എല്ലാ അംഗീകാരവും നല്‍കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതിയും നിലവില്‍ വന്നു.

അപേക്ഷകളില്‍ തീരുമാനം എടുക്കേണ്ടതും തുടര്‍ നടപടി സ്വീകരിക്കേണ്ടതും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ ആണ്. അപേക്ഷയില്‍ ഏഴ് പ്രവൃത്തി ദിവസത്തിനകം സമിതി തീരുമാനം എടുക്കണം. അപേക്ഷ അംഗീകരിച്ചാല്‍ അഞ്ച് വര്‍ഷം വരെ സാധുതയുണ്ട്. ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നേടാന്‍ സാധുവായ രേഖയായും ഇവ ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരുവര്‍ഷത്തിനകം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകന്‍ സമര്‍പ്പിക്കണം. സാക്ഷ്യപത്രം നല്‍കുന്നതിനുള്ള സമയം നീട്ടി ലഭിക്കാനും അപേക്ഷകന് ബ്യൂറോയെ സമീപിക്കാവുന്നതാണ്. ഒരു വര്‍ഷത്തില്‍ കൂടാതെ കാലാവധി നീട്ടി നല്‍കാം. ഈ കാലാവധിയും പാലിക്കാത്തപക്ഷം, മറുപടി തൃപ്തികരമല്ലെങ്കില്‍ അംഗീകാരം റദ്ദാക്കും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ വ്യവസായങ്ങള്‍ക്ക് ഇളവ് ബാധകമല്ല. നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണം നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാനോ 2016 ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഭൂവിനിയോഗത്തിനോ അംഗീകാരം ഉപയോഗിക്കരുത്. ചട്ടങ്ങള്‍ ലംഘിച്ചാലോ നല്‍കിയ വിവരങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞാലോ ഉടന്‍ അംഗീകാരം റദ്ദു ചെയ്യാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോയ്ക്ക് അധികാരമുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement