95,000 തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള ബൃഹത് പദ്ധതി.100 ദിനം കൊണ്ട് 50,000 തൊഴിലവസരം. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും മറികടക്കാൻ സർക്കാർ നടപ്പാക്കുന്ന സംയോജിത പദ്ധതിക്ക് രൂപമായി.
തൊഴിൽ മേഖലയിൽ പ്രധാനമായ സർക്കാർ രംഗത്ത് 18,600 പേർക്കുള്ള തൊഴിലവസരമാണ് സാധ്യമാക്കുക. സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിര- താൽക്കാലിക- കരാർ നിയമനങ്ങൾ ഉൾപ്പെടെയാണിവ. ഇതിൽ വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്കാണ് തൊഴിൽ ലഭിക്കുക. ഹയർ സെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകളും എയിഡഡ് കോളജുകളിൽ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികകളും സൃഷ്ടിക്കും. എയിഡഡ് സ്കൂളുകളിൽ 6911 തസ്തികകളിലെ നിയമനങ്ങൾ റഗുലറൈസ് ചെയ്യും. നിയമന അഡ്വൈസ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതുകൊണ്ട് ജോലിക്ക് ചേർന്നിട്ടില്ലാത്ത1632 പേർക്കും നിയമനം നൽകും.
മെഡിക്കൽ കോളജുകളിൽ 700 തസ്തികകളും പൊതു ആരോഗ്യ സംവിധാനത്തിൽ 500 തസ്തികകളും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1000 ജീവനക്കാർക്ക് താൽക്കാലിക നിയമനം നൽകും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 500 പേരെ വനം വകുപ്പിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1717 പേർക്ക് തൊഴിൽ ലഭ്യമാകും.
എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകിയിട്ടുണ്ട്. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്പെഷ്യൽ റൂൾസിന് അംഗീകാരം നൽകുന്നത് വേഗത്തിലാക്കാൻ ഫിനാൻസ്, നിയമം, പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ എന്നിവരുടെ സ്ഥിരം സമിതിക്കും രൂപം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق