അടുത്ത ഐപിഎല്ലും ഇന്ത്യയിലില്ല ? ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയും ഐപിഎല്ലും യുഎഇയിൽ തന്നെ ; കരാര്‍ ഒപ്പിട്ട് ബിസിസിഐ

2021ലെ അടുത്ത ഐപിഎല്ലും ഇന്ത്യയില്‍ നടന്നേക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. മാത്രമല്ല ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് നടത്താന്‍ തീരുമാനിച്ചിരുന്ന ടെസ്റ്റ് പരമ്പരയ്ക്കും യുഎഇ തന്നെ വേദിയായേക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനു വേണ്ടി ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) തമ്മില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതോടെയാണ് ഭാവിയില്‍ ഐപിഎല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പല പരമ്പരകള്‍ക്കും യുഎഇ ആതിഥേയത്വം വഹിക്കാനുള്ള സാധ്യത ശക്തമായത്.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സരൂനിയും തമ്മില്‍ ധാരണാപത്രത്തിലും ഹോസ്റ്റിങ് കരാറിലും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് ലക്ഷ്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ട്രഷര്‍ അരുണ്‍ ധുമാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തുവെന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം ജയ് ഷാ ട്വീറ്റ് ചെയ്തത്.

ഇന്ത്യയില്‍ കൊവിഡ് ബാധയില്‍ വന്‍ വര്‍ധനവാണ് ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉടനെയൊന്നും ഇത് നിയന്ത്രണ വിധേയമാവുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തു 54 ലക്ഷം കൊവിഡ് ബാധിതരുണ്ട്. കണക്കുകളില്‍ ലോകത്തു തന്നെ അമേരിക്ക മാത്രമേ ഇന്ത്യക്കു മുന്നിലുള്ളൂ.
അടുത്ത സീസണിലെ ഐപിഎല്‍ നടക്കേണ്ടത് മാര്‍ച്ച് അവസാനം മുതല്‍ മേയ് അവസാനം വരെയാണ്. അപ്പോഴേക്കും ഇന്ത്യയില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാവാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ അടുത്ത സീസണും യുഎഇയില്‍ തന്നെ ടൂര്‍ണമന്റ് നടക്കാന്‍ സാധ്യതയേറെയാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്നത്. ഇതും നടക്കാനുള്ള സാധ്യത കുറവാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement