കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗം;സതീശൻ പാച്ചേനി


കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മെറിറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളോടുള്ള മനസാക്ഷിയില്ലാത്ത ക്രൂരമായ നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

2016 മുതൽ 2018 വരെ മൂന്ന് വർഷങ്ങളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് നല്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പാൾ നോട്ടീസ് നൽകിയിരിക്കുകയാണ്.

ഗവൺമെന്റ് മെഡിക്കൽ കോളേജായി മൂന്നു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിൽ അതിന് മുൻപ് സ്വാശ്രയ സ്ഥാപനം ആയപ്പോൾ ഉള്ള അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന പഴയ ലെറ്റർപ്പാഡ് ഉപയോഗിച്ച് കത്ത് നല്കി സ്വാശ്രയ ഫീസ് വാങ്ങുന്നതിന് വേണ്ടിയുള്ള തലതിരിഞ്ഞ തീരുമാനം ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനുള്ള നീക്കമായി മാത്രമേ കാണാൻ കഴിയൂ.

2016 മുതൽ എം.ബി.ബി.എസിന് അഡ്മിഷൻ വാങ്ങിയ വിദ്യാർത്ഥികളെല്ലാം നീറ്റ് പരീക്ഷ എഴുതി വ്യത്യസ്ത കാറ്റഗറിയിൽ മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നേടിയിട്ടുള്ളത്.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ നിലവിലുള്ള എല്ലാ നടപടികളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗവൺമെന്റ് മെഡിക്കൽ കോളേജ് എന്ന നിലയിലുള്ള പരിഗണനയാണ് രോഗികൾക്കും മറ്റ് ചികിത്സാ നടപടിയിലും സ്വീകരിച്ച് കൊണ്ടിരിക്കുമ്പോൾ
മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലെ മറ്റ് ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന രൂപത്തിലുള്ള ഒരു ആനുകൂല്യവും നൽകുന്നതിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് അംഗീകരിക്കാൻ കഴിയില്ല.

കോളേജ് അധികൃതരുടെ തെറ്റായ ഈ നടപടിക്കെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി ഉയർന്ന ഫീസ് വാങ്ങുന്നത് സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും
സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെയധികം ആശങ്ക നിലനിൽക്കുകയാണ്.

2019 അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ നിന്ന് ഗവൺമെന്റ് നിരക്കിൽ ഫീസ് വാങ്ങി കൊണ്ടിരിക്കുമ്പോൾ 2016 മുതൽ 18 വരെ മെറിറ്റിൽ അഡ്മിഷൻ നേടിയ
വിദ്യാർത്ഥികളോട് സ്വാശ്രയനിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ ഗൂഢമായ അജണ്ട ക്രൂരമായ അനീതിയാണെന്നും
സർക്കാർ മെഡിക്കൽ കോളേജായി മാറുമെന്ന പ്രതീക്ഷയിൽ,
കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലും മറ്റ് സംസ്ഥാനങ്ങളിലും മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ അഡ്മിഷൻ ലഭിക്കുമായിരുന്ന വിദ്യാർത്ഥികളോട്
പരിയാരത്ത് അഡ്മിഷൻ നേടിയതിന്റെ പേരിൽ ഗവൺമെന്റ് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم

Join Whatsapp

Advertisement