നികുതി വെട്ടിപ്പ്; കമറുദ്ധീൻ എം എൽ എ യുടെ സ്വത്ത് കണ്ടുകെട്ടാൻ നോട്ടീസ്


ചരക്ക്‌ സേവന നികുതിയിൽ വെട്ടിപ്പ്‌ നടത്തിയതിന്‌ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി ഖമറുദീൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സ്വത്ത്‌ കണ്ടുകെട്ടാൻ നോട്ടീസ്‌. സ്വർണം വിറ്റ വകയിലുള്ള നികുതിയും പിഴ പലിശയും അടക്കം 1,39,506 രൂപ പലതവണ നോട്ടീസ്‌ നൽകിയിട്ടും അടച്ചില്ല, തുടർന്നാണ് ചരക്ക്‌ സേവന നികുതി വിഭാഗം ഓഫീസ്‌ സ്വത്ത്‌ കണ്ടുകെട്ടാൻ നോട്ടീസ്‌ നൽകിയത്‌. കാസർകോട് ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ചെറുവത്തൂർ ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും നികുതി അടക്കാനുണ്ട്‌. പയ്യന്നൂരിലെ ജ്വല്ലറിയിലേതുൾപ്പെടെ 1,43,25,337 രൂപയാണ്‌ അടക്കാനുള്ളത്‌.

ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ ചരക്ക്‌ സേവന നികുതി വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെയാണ് ജ്വല്ലറിയുടെ മറവില്‍ 1.43 കോടി രൂപയുടെ നികുതിവെട്ടിപ്പും പുറത്തുവന്നത്. തുക തിരിച്ചു പിടിക്കാൻ നിരവധി ശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് റവന്യു റിക്കവറിക്ക്‌ വില്ലേജ് ഓഫീസർക്ക് നോട്ടീസയച്ചത്. ആഗസ്‌ത്‌ 30നകം പണം അടയ്ക്കണമെന്ന്‌ നിര്‍ദേശം നൽകിയിരുന്നു. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് സമയവും നല്‍കിയിരുന്നു. പിഴ അടച്ചുതീര്‍ക്കേണ്ട തിയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനംകൂടി ചേര്‍ത്ത് തുക പുതുക്കി നിശ്ചയിച്ച് നോട്ടീസയച്ചു. വീഴ്ച വരുത്തിയാൽ 100 ശതമാനം പിഴ ചുമത്തുമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനും മറുപടി നൽകാതെ വന്നതോടെയാണ്‌ സ്വത്ത്‌ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement