മാലിന്യസംസ്‌കരണത്തില്‍ കേരളം മാതൃകയാകും: മുഖ്യമന്ത്രി ധര്‍മ്മടം തരിശ് രഹിത മണ്ഡലമായി പ്രഖ്യാപിച്ചു

 


ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി എന്ന ഖരമാലിന്യ സംസ്‌കരണ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും 2100 കോടി രൂപയുടെ ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മാലിന്യ സംസ്‌ക്കരണത്തിന് കേരളം പുതിയൊരു മാതൃക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തിന്റെ തരിശ് രഹിത പ്രഖ്യാപനവും ശുചിത്വ പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം സൃഷ്ടിക്കണമെങ്കില്‍ സുസ്ഥിരമായ മാലിന്യസംസ്‌കരണം സാധ്യമായേ തീരൂ. ഈ ഉദ്ദേശ്യത്തോടെയാണ് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, വസ്തുക്കളുടെ പുനരുപയോഗം ഉറപ്പാക്കുക തുടങ്ങിയവയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. മാലിന്യ സംസ്‌ക്കരണ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന മികച്ച മാതൃകകള്‍ കണ്ടെത്തി വിപുലമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ധര്‍മ്മടം മണ്ഡലം തരിശുരഹിത – ശുചിത്വ നേട്ടങ്ങള്‍ കൈവരിച്ചത്. ഭാവി തലമുറയെ പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടപ്പാക്കുന്നത്. ആദ്യം ചെമ്പിലോട് മുതല്‍ അഞ്ചരക്കണ്ടിവരെയുള്ള എല്ലാ പഞ്ചായത്തുകളിലെയും 172 തരിശ് നിലങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്താനായി. ഏതൊക്കെ വിളവ് ഏതൊക്കെ പ്രദേശത്തിന് ചേരും എന്ന വിലയിരുത്തലിന് ശേഷമാണ് കൃഷിയിറക്കിയത്. ഉപ്പു വെള്ളം കയറുന്ന പ്രദേശങ്ങളെയും ഗെയില്‍ പൈപ്പ് ലൈന്‍ പോകുന്ന പ്രദേശങ്ങളെയും ഒഴിവാക്കി ബാക്കിയുള്ള പ്രദേശത്താണ് മണ്ഡലത്തില്‍ കൃഷിയിറക്കിയത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  40 കുളങ്ങള്‍ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്. 21 കുളങ്ങള്‍ നിര്‍മ്മിച്ചു. ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയിലൂടെ 68 തോടുകള്‍ വൃത്തിയാക്കി. മണ്ഡലത്തില്‍ ദേവഹരിതം പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വേങ്ങാട് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അതിവിപുലമായ കാര്‍ഷിക സംസ്‌കാരമാണ് മണ്ഡലത്തില്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നതെന്നും കേരളത്തിന് മാതൃകയാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയായി. തരിശ് രഹിത ശുചിത്വ മണ്ഡലമായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മണ്ഡലമാണ് ധര്‍മ്മടമെന്നും ഈ മികവ് തുടരാനാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത (വേങ്ങാട്), കെ പി ബാലഗോപാലന്‍ (പെരളശ്ശേരി), കെ ഗിരീശന്‍ (കടമ്പൂര്‍), ടി വി ലക്ഷ്മി (ചെമ്പിലോട്), എം പി ഹാബിസ് (മുഴപ്പിലങ്ങാട്), പി കെ ഗീതമ്മ (പിണറായി), ടി വി സീത (അഞ്ചരക്കണ്ടി), സി പി ബേബി സരോജം (ധര്‍മ്മടം), മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു


Post a Comment

أحدث أقدم

Join Whatsapp

Advertisement