ഐപിഎൽ പതിമൂന്നാം സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് മാത്രമേ നേടാനായുള്ളൂ. 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ചെന്നൈക്കായി പന്തെറിഞ്ഞ ബൗളർമാരെല്ലാം വിക്കറ്റ് വീഴ്ത്തി. ലുങ്കി എങ്കിഡിക്ക് മൂന്നും ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർക്ക് രണ്ട് വിക്കറ്റുകൾ വീതവും ഉണ്ട്. ആദ്യ ഘട്ടത്തിൽ തല്ലു വാങ്ങിയ ചെന്നൈ ബൗളർമാർ പിന്നീട് ഉജ്ജ്വലമായി തിരികെ വരികയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമ്മയും ക്വിൻ്റൺ ഡികോക്കും ചേർന്ന് നൽകിയത്. ദീപക് ചഹാർ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ രോഹിതും ദേശീയ ടീമിലെ സഹതാരമായ ലുങ്കിസാനി എങ്കിഡിയെ തല്ലിച്ചതച്ച ഡികോക്കും ചേർന്ന് 46 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. ഫാസ്റ്റ് ബൗളർമാരെല്ലാം തല്ലു വാങ്ങിയപ്പോൾ അഞ്ചാം ഓവറിൽ തന്നെ ധോണി ചൗളക്ക് പന്തേല്പിച്ചു. ക്യാപ്റ്റൻ്റെ തീരുമാനം ശരിവച്ച് ചൗള രോഹിത് ശർമ്മയെ (12) സാം കറൻ്റെ കൈകളിൽ എത്തിച്ചു. അടുത്ത ഓവറിൽ ക്വിൻ്റൺ ഡികോക്കും മടങ്ങി. 33 റൺസെടുത്ത ഡികോക്ക് സാം കറൻ്റെ പന്തിൽ ഷെയിൻ വാട്സണിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർമാർ മടങ്ങിയതിനു പിന്നാലെ സൂര്യകുമാർ യാദവും സൗരഭ് തിവാരിയും ക്രീസിൽ ഒത്തുചേർന്നു. പതിവിനു വിപരീതമായി ആക്രമണ മൂഡിൽ കളിച്ച തിവാരിയും യാദവും ചേർന്ന് മുംബൈയെ വീണ്ടും ട്രാക്കിലെത്തിച്ചു. 44 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത് ദീപക് ചഹാർ ആണ്. ചഹാറിൻ്റെ പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച യാദവിനെ (17) സാം കറൻ പിടികൂടി.
പിന്നാലെ ഹർദ്ദിക് പാണ്ഡ്യ ക്രീസിലെത്തി. രവീന്ദ്ര ജഡേജയെ തുടർച്ചയായി രണ്ട് സിക്സറുകൾ അടിച്ചാണ് പാണ്ഡ്യ ആരംഭിച്ചത്. ഇതിനിടെ മനോഹരമായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന തിവാരി മടങ്ങി. 31 പന്തുകളിൽ 42 റൺസെടുത്ത തിവാരിയെ ജഡേജയുടെ പന്തിൽ ഫാഫ് ഡുപ്ലെസിസ് ഉജ്ജ്വലമായി കൈപ്പിടിയിലൊതുക്കി. ആ ഓവറിൽ തന്നെ പാണ്ഡ്യയും (14) ഡുപ്ലെസിസിൻ്റെ മറ്റൊരു മികച്ച ക്യാച്ചിൽ പുറത്തായി. 17ആം ഓവറിലെ ആദ്യ പന്തിൽ കൃണാൽ പാണ്ഡ്യയും (3) പുറത്തായതോടെ മുംബൈ വിറച്ചു. കൃണാലിനെ എങ്കിഡിയുടെ പന്തിൽ ധോണി പിടികൂടുകയായിരുന്നു.
19ആം ഓവറിലെ ആദ്യ പന്തിൽ പൊള്ളാർഡും പുറത്തായി. 18 റൺസെടുത്ത പൊള്ളാർഡിനെ എങ്കിഡിയുടെ പന്തിൽ ധോണി കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ ജെയിംസ് പാറ്റിൻസൺ (11) ഡുപ്ലെസിസിൻ്റെ കൈകളിൽ അവസാനിച്ചു. 20ആം ഓവറിലെ ആദ്യ പന്തിൽ ബോൾട്ടിനെ (0) ദീപക് ചഹാർ ക്ലീൻ ബൗൾഡാക്കി. രാഹുൽ ചഹാർ (2), ജസ്[പ്രീത് ബുംറ എന്നിവർ പുറത്താവാതെ നിന്നു.
إرسال تعليق