ആറളം ഫാമിൽ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെ തുരത്തൽ ആരംഭിച്ചു



ആദ്യദിനത്തിൽ കാടുകയറ്റിയത് നാലെണ്ണത്തെ
ഇരിട്ടി: ആറളം ഫാമിലെ കാട്ടാനതുരത്തലിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഫാമിലെ കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ വനത്തിലേക്ക് തുരത്തൽ ബുധനാഴ്ച ആരംഭിച്ചു. ആദ്യഘട്ടത്തിൽ പുരധിവാസ മേഖലയിൽ നിന്നും 20തോളം ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. മന്ത്രിതല യോഗത്തിന്റെ തീരുമാന പ്രകാരം കഴിഞ്ഞ ദിവസം സണ്ണിജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ നിരീക്ഷണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് കൃഷിയിടത്തിൽ നിന്നുള്ള ആനകളെ കൂടി തുരത്താൻ തീരുമാനമെടുത്തത്.
വനം വകുപ്പിന്റെ പ്രത്യേക തുരത്തൽ സംഘം നടത്തിയ തിരച്ചലിനിടയിൽ ഫാം ബ്ലോക്ക് മൂന്നിലെ കൃഷിയിടത്തിൽ കണ്ടെത്തിയ നാല് ആനകളെയാണ് ബുധനാഴ്ച്ച കാട് കയറ്റിയത്. കൃഷിയിടത്തിൽ നിന്നും കീഴ്പ്പള്ളി- പാലപ്പുഴ റോഡ് കടത്തി കിലോമീറ്റർ അകലെ താളിപ്പാറ- കോട്ടപ്പാറ വഴിയാണ് ആനകളെ ആറളം വന്യജീവി സങ്കേത്തിലേക്ക് തുരത്തിവിട്ടത്. 
കൃഷിയിടത്തിൽ 25-ൽ അധികം ആനകളുണ്ടെന്നാണ് തൊഴിലാളികളും മറ്റും പറയുന്നത്. ഫാമിന്റെ കൃഷിയിടത്തിൽ താവളമാക്കിയ ആനകളാണ് പുഴകടന്നും മറ്റും ആറളം, മുഴക്കുന്ന് , അയ്യൻകുന്ന് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം കരിക്കോട്ടക്കരി ടൗണിനടുത്തെത്തിയ പരിക്കേറ്റ കാട്ടാന ഫാമിലെ കൃഷിയിടത്തിൽ നിന്നാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. ഫാം പുരധിവാസ മേഖലയിലേക്കും കൃഷിയിടത്തിൽ നിന്നാണ് ആനകളെത്തുന്നത്. ആനമതിലിന്റെ നിർമ്മാണം ഒന്നാം ഘട്ടം പൂർത്തിയാകുന്നതിനിടയിൽ പുനരധിവാസ മേഖലയിലേയും ഫാം കൃഷിയിടത്തിലേയും എല്ലാ ആനകളേയും വനത്തിലേക്ക് തുരത്തി വനാതിർത്തിയിൽ നിരീക്ഷണം സ്ഥാപിക്കാൻ നിരീക്ഷണ സമിതി നിർ്‌ദ്ദേശിച്ചിരുന്നു.
പുനരധിവാസമേഖലയിലെ താമസക്കാർക്കിടയിൽ മുൻകൂട്ടി നിർദ്ദേശം നല്കിയും പോലീസിന്റെ സഹായത്താൽ പ്രദേശത്തെ റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയും മൈക്ക് അനൗൺസ്‌മെന്റ് നടത്തിയുമാണ് സുരക്ഷ ഉറപ്പാക്കിയത്.

  ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റെയിഞ്ചർ പി.പ്രസാദ്, വൈൽഡ് ലൈഫ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയരക്ടർ മനോജ് ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഇ.രാധ, ബിജി ജോൺ, വനം ദ്രുതകർമ്മ സേന റെയിഞ്ചർ എം.ഷൈനികുമാർ, ആറളം ഫാം സെക്യൂരിറ്റി ഓഫീസർ എം.കെ. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള 35 അംഗ ദൗത്യസംഘമാണ് ആന തുരത്തലിൽ പങ്കെടുക്കുന്നത്. വനപാലക സംഘത്തിനൊപ്പം ആറളം ഫാം ജീവനക്കാരും തൊഴിലാളികളും പങ്കാളികളായി. വനം വകുപ്പ് സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് രാത്രികാല പട്രോളിംങ്ങും നടത്തും. തുരത്തൽ വ്യാഴാഴ്ച്ചയും തുടരും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement