ഇരിട്ടി: പായം പഞ്ചായത്തിലെ പെരുവമ്പറമ്പിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപന്നിയുടെ അക്രമത്തിൽ കര്ഷകന് പരിക്ക്. മാടത്തിൽ സ്വദേശി ജോണി ജോയാക്കിനാണ് പരിക്കേറ്റത്. ഇദ്ദേഹം പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിയിറക്കിയ വാഴത്തോട്ടത്തിൽ വെച്ചായിരുന്നു പന്നി ആക്രമിച്ചത്. വാഴക്ക് വെള്ളം നനയ്ക്കാൻ വേണ്ടി ശനിയാഴ്ച പുലർച്ചെ അഞ്ചേ മുപ്പതോടെ തന്റെ കൃഷിയിടത്തിൽ എത്തി വെള്ളം നനക്കാനുള്ള ശ്രമത്തിനിടയിലാണ് കാട്ടുപന്നി ആക്രമിക്കുന്നത്. കൈകാലുകൾക്ക് പരിക്കേറ്റ ജോണി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജോണിയുടെ പരാതിയിൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ പന്നി ശല്യം രൂക്ഷമാണ്. ആയിരത്തോളം വാഴകൾ കൃഷിയിറക്കിയ ജോണിയുടെ നൂറിലേറെ വാഴകൾ കാട്ടുപന്നി നശിപ്പിച്ചു.
Post a Comment