പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. വയനാട് പടിഞ്ഞാറത്തറയിലാണ് സംഭവം. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍ ചാവശ്ശേരി അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് എസ്.ഐ സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് സൊസൈറ്റിപടിയിലെ വീട്ടിലെത്തിയ പോലീസ് വീട് വളഞ്ഞു. തുടര്‍ന്ന് വാതില്‍ മുട്ടിയപ്പോള്‍ അഫ്‌സല്‍ വാതില്‍ തുറക്കുകയും അക്ഷയും അക്ഷരയും പോലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരുടെ കൈവശമുണ്ടായ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പൊഴുതനയിലുള്ള ഒരാള്‍ ചില്ലറ വില്‍പനക്കായി ഏല്‍പ്പിച്ചതാണെന്നും പാക്ക് ചെയ്യാന്‍ വേണ്ടി വീട്ടിലെത്തിയതാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Post a Comment