ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നു ഹൈക്കോടതി



കൊച്ചി: സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നുവെന്ന വിമര്‍ശനവുമായി ഹൈക്കോടതി. രോഗങ്ങള്‍ക്ക് ജയിലില്‍ ചികില്‍സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിക്കാത്ത പക്ഷം ആര്‍ക്കും മെഡിക്കല്‍ ജാമ്യം നല്‍കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. പാതിവില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആനന്ദകുമാര്‍ ആവശ്യപ്പെട്ടത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനു പിന്നാലെയാണ് ആനന്ദകുമാര്‍ അറസ്റ്റിലായത്.

മെഡിക്കല്‍ ജാമ്യം നല്‍കുന്ന പരിപാടി കുറേക്കാലമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കോടതി വാക്കാല്‍ പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഗുരുതരമാണെന്നും പറഞ്ഞതിനാലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം തള്ളിയിരുന്നു. പിന്നീട് അറസ്റ്റിലായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചപ്പോള്‍, സാധാരണ ആശുപത്രിയില്‍ പോകാത്ത പിതാവിന്റെ ആരോഗ്യ പരിശോധനയെല്ലാം നടത്താന്‍ കഴിഞ്ഞതിന് പരാതിക്കാരനോട് നന്ദിയുണ്ട് എന്നാണ് ജോര്‍ജിന്റെ മകന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ജോര്‍ജിന്റെ മകന്‍ പരോക്ഷമായി പറഞ്ഞത് കോടതിയോടും കൂടിയാണ്. ഇത് മെഡിക്കല്‍ ടൂറിസമാണോ കേരളത്തിലെ വലിയ ആളുകളുടെ ജാമ്യാപേക്ഷകളൊക്കെ ഇപ്പോള്‍ മെഡിക്കല്‍ ടൂറിസമായി മാറുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഹരജിക്കാരന് ആവശ്യമായ എല്ലാ ചികിത്സയും ജയിലില്‍ ഉറപ്പു വരുത്താനും കോടതി നിര്‍ദേശിച്ചു. ജയിലില്‍ ലഭ്യമാവാത്ത എന്തെങ്കിലും ചികിത്സ വേണ്ടതുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കാന്‍ കോടതി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ തന്നെ തന്റെ പേരും ചിത്രവുമൊക്കെ ഒഴിവാക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്‍ അത് ചെയ്‌തോ എന്ന് കോടതി ആരാഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement