കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ, പിടിയിലായത് വയനാട്ടിൽ നിന്ന്


കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു. ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement