കണ്ണൂർ: ജില്ലയില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉഷ്ണകാല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താൻ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകളുടെ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പരീക്ഷ ഹാളുകളില്‍ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പ് വരുത്തണം. വേനല്‍ അവധി സമയങ്ങളില്‍ അത്യാവശ്യമെങ്കില്‍ മാത്രം സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തുക, താപനിലയ്ക്കനുസരിച്ച് സമയക്രമം (11 മണി മുതല്‍ 3 മണി വരെ ഒഴികെ) പുന:ക്രമീകരിക്കണം.
എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളില്‍ ഫാനുകളും, കൃത്യമായ വായു സഞ്ചാരവും ഉറപ്പുവരുത്തണം. ചൂട് കാഠിന്യമേറിയ സമയങ്ങളില്‍ ട്യൂഷന്‍ ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നടത്താതിരിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്ര ഈ സമയങ്ങളില്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണം. 'വാട്ടര്‍ ബെല്‍' സമ്പ്രദായം മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണം. സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കണം.
വിദഗ്ധരുടെ നിര്‍ദേശം പരിഗണിച്ച് വിദ്യാര്‍ഥികളില്‍ യൂണിഫോമുകളില്‍ ഷൂസ്, സോക്‌സ്, ടൈ തുടങ്ങിയവയില്‍ ഇളവ് നല്‍കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ട്രൈബല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കണമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വികസന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
Post a Comment