ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യ നിർമ്മാണവും വാഷ് കുടിച്ച കാട്ടാന ബാരൽ ചവിട്ടി നശിപ്പിച്ച നിലയിൽ



ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യ നിർമ്മാണം നടക്കുന്നതിന്റെ തെളിവായി കാട്ടാന വാഷ്‌കുടിച്ച ശേഷം ചവിട്ടി നശിപ്പിച്ച നിലയിൽ ബാരൽ കണ്ടെത്തി. ബ്ലോക്ക് 7 ൽ താമസക്കാരെത്താത്ത കാടുപിടിച്ച സ്ഥലത്താണ് 200 ലീറ്റർ ശേഷിയുള്ള ബാരൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ബാരലിൽ കുടിച്ചതിന്റെ ബാക്കിയെന്ന നിലയിൽ വാഷും കണ്ടെത്തി.
ഓടൻതോട് ബ്ലോക്ക് 7 താളിപ്പാറ റോഡിൽ 500 മീറ്ററോളം മാറി വനം വകുപ്പിന്റെ നൈറ്റ് പെട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിലാണ് സംഭവം പെട്ടത്. ആന വെള്ളം കുടിക്കുന്നതു പോലുള്ള ശബ്ദമാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. അൽപ സമയം കഴിഞ്ഞു എന്തോ ചവിട്ടിപ്പൊളിക്കുന്നതുപോലുള്ള ശബ്ദവും കേട്ടു. എന്നാൽ താമസക്കാർ ഇല്ലാത്തതും കാട് പിടിച്ചതുമായ പ്രദേശം ആയതിനാൽ വനപാലകർ ആ സമയം അങ്ങോട്ടു പോയില്ല. നേരം വെളുത്ത ശേഷം പോയി നോക്കിയപ്പോഴാണ് ബാരലിൽ സൂക്ഷിച്ച വാഷ് കുടിച്ച ശേഷം പാത്രം തകർത്തതായി കണ്ടെത്തിയത്. വ്യാവസായിക അടിസ്ഥാനത്തിൽ വ്യാജമദ്യ നിർമാണം ലക്ഷ്യമിട്ടുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്ന നിലയിൽ അന്വേഷണം തുടങ്ങി. എക്‌സൈസ് സംഘവും സ്ഥലത്ത് എത്തി.
ഫാമിൽ വ്യാജ വാറ്റ് കേന്ദ്രങ്ങൽ നേരത്തേയും കണ്ടെത്തിയിരുന്നു. കശുവണ്ടി സീസണായതിനാൽ കാടുമൂടിയതും ആൾ തമാസമില്ലാത്തതുമായ വീടുകൾ കേന്ദ്രീകരിച്ചാണ് കശുമാങ്ങയും മറ്റും ഉപയോഗിച്ച് വ്യാജ വാറ്റ് നടത്തുന്നത്. ഫാമിലെ താമസക്കരിൽ ചിലരും പുറമെ നിന്ന് എത്തുന്നവരും ഇത്തരം വ്യാജവാററ് സംഘങ്ങളിൽ ഉണ്ട്. വാഷിന്റെ മണം ആനകളെ വലിയതോതിൽ ആകർഷിക്കും. ഫാമിൽ നിന്നും തുരത്തുന്ന ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കൂടിയാണിത്.
 കഴിഞ്ഞ ദിവാസം പുരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന റോഡിൽ മദ്യപിച്ച് ബോധംകെട്ട് കിടന്നയാളെ വനപാലകരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാററിയത്. കാട്ടാന എത്തുന്ന പ്രദേശത്തായിരുന്നു ഇയാൾ കിടന്നിരുന്നത്.

 ബന്ധപ്പെട്ടവർ മുൻകരുതൽ സ്വീകരിക്കണം
 വ്യാജ വാറ്റ് മേഖലയിൽ ആനശല്യത്തിനും അപകടത്തിനും കാരണമാകുമെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ മുൻകരുതിൽ സ്വീകരിക്കണമെന്നും ഡി എഫ് ഒ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. വാഷ് കാട്ടനകളെ വലിയ തോതിൽ ആകർഷിക്കുമെന്നും എക്‌സൈസ് ഉൾപ്പെടെ ബന്ധപ്പെട്ടവർ നടപടിസ്വീകരിക്കണമെന്നും ഡി എഫ് ഒ പത്രക്കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement