വയനാട് - കരിന്തളം 400 കെ.വി ലൈൻ;നഷ്ടപരിഹാരംനിർണ്ണയത്തിനുള്ള അന്തിമ സർവ്വെ തുടങ്ങി



കണ്ണൂർ : കാസർക്കോട് ജില്ലയിലെ കരിന്തളത്തിൽ നിന്നും വയനാട് ജില്ലയിലെ പയ്യമ്പള്ളിവരെ 400 കെ.വി ലൈൻ വലിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമിക്കും വിളകൾക്കും ഉണ്ടാകുന്ന നഷ്്ടത്തിന്റെ യഥാർത്ഥ വിഹിതം കർഷകർക്കും ഭൂ ഉടമകൾക്കും ലഭിക്കണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് തീരുമാനം ഉണ്ടാക്കുന്നതിന് കൃഷി ഭൂമിയിൽ സർവ്വെ തുടങ്ങി. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും, കർമ്മ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നത തല യോഗത്തിൽ ഉണ്ടായ തീരമാനത്തിന്റെ ഭാഗമായാണ് യഥാർത്ഥ നഷ്ടം നിർണ്ണയിക്കുന്നതിനുള്ള സർവ്വെ ആരംഭിച്ചത്. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായ വിലകണക്കാക്കി നഷ്ടം വിലയിരുത്തണമെന്ന ജനപ്രതിനിധികളുടേയും കർമ്മ സമിതി ഭാരവാഹികളുടേയും ആവശ്യം പരിഗണിച്ച് വീണ്ടും സർവ്വെ നടത്തുന്നത്. ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങൾ, സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും ഉള്ള പ്രദേശം , കൃഷിസ്ഥലം എന്നിങ്ങനെ കണക്കാക്കി യഥാർത്ഥ നഷ്ടം നിർണ്ണയിക്കും. നാലു മാസം കൊണ്ട് സർവ്വെ പൂർത്തിയാക്കണം.  
         കെ എസ് ഇ ബിയുടെ സ്വപ്ന പദ്ധതിയായ 400 കെ. വി ലൈൻ യാഥാർത്ഥ്യമാക്കണമെങ്കിൽ ലൈൻ കടുന്നപോകുന്ന പ്രദേശങ്ങളിലെ ഭൂമിക്കും വിളകൾക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യം ശക്തമാക്കി കർഷകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങൾക്ക് ഭൂമിയുടെ ന്യായ വിലയുടെ രണ്ട് ഇരട്ടിയുടെ പതിനഞ്ച് ശതമാനവും ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായ വിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും നഷ്ടപരിഹാരം നൽകാമെന്ന കെ എസ് ഇ ബി നേരത്തെ വാഗ്ദാനം നൽകിയത്. ന്യായ വിലയുടെ നാലിരട്ടിയുടെ 85 ശതമാനമോ മാർക്കറ്റ് വിലയോ ഏതാണ് കൂടുതലെങ്കിൽ അത് നൽകണമെന്നാണ് കർമ്മ സമിതിയുടെ ആവശ്യം.
 എടമൺ- കൊച്ചി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ന്യായ വിലയുടെ അഞ്ചിരട്ടി വരെ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജിന് സമാനമായ പാക്കേജ് പ്രഖ്യാപിക്കണമെന്നണ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.
       
          ലൈൻ വലിക്കുന്നതിന് സ്വകാര്യ വ്യക്തികളുടേയും സർക്കാറിന്റെ ഭൂമിയിലുമായി 370 ടവറുകളാണ് സ്ഥാപിക്കേണ്ടത്. ഇതിനായി പ്രത്യേകമായി സ്ഥലം ഏറ്റെടുക്കണം. ഭൂമി ശാസ്ത്ര പരമായ പ്രത്യേകതക്കനുസരിച്ച് 200 മുതൽ 750 മീറ്റർ ദൂരമാണ് രണ്ട് ടവറുകൾ തമ്മിൽ ഉണ്ടാവുക. ലൈനുകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ 40 മീറ്ററോളം വീതി വേണം. ഇത്തരം സ്ഥലങ്ങളിൽ ലൈനിന് തട്ടാനോ ലൈനിലേക്ക് മറിഞ്ഞു വീഴാനോ സാധ്യതയുള്ള വൻ മരങ്ങൾ പാടില്ല. ടവർ സ്ഥാപിക്കുന്നതിന് 10 മുതൽ 20 സെന്റ് സ്ഥലം വരെ വേണം. ഇതിലെ വിഭവങ്ങളും ഭൂമിയുടെ വിലയും നിർ്ണ്ണയിക്കണം. ലൈൻ കടന്നു പോകുന്ന125 കിലോമീറ്ററിൽ 40 തോളം മീറ്ററിൽ വരുന്ന ഭൂമിയുടെ വിലയും അവയിലെ കൃഷിയുടെ വിലയും സർവേ നടത്തി കണ്ടെത്തണം. കെ എസ് ഇ ബി അസിസ്റ്റന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് വിഭാഗമായിട്ടാണ് സർവ്വെ നടത്തുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പയ്യവൂർ, ഉദയഗിരി, ആലക്കോട്, പെരിങ്ങോം, ചെറുപുഴ തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് ലൈൻ കടന്നു പോകുന്നത്. സർവ്വെയ്ക്ക് ജനകീയ കർമ്മ സമതി പ്രസിഡന്റ് തോമസ് വർഗീസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷഹീന ഷാഹുൽ, അസിസ്റ്റൻ എഞ്ചിനീയർ നിലം ചന്ദൻ്ര തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement