തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ്. കേരളത്തില്‍ പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കാക്കിയാണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കും. ഫെബ്രുവരി 11 മുതൽ മെയ് പത്ത് വരെയാണ് പുതിയ ക്രമീകരണം.
സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും ലേബർ കമീഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു.
Post a Comment