കണ്ണൂരില്‍ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടർ



കണ്ണൂര്‍: അക്രമരാഷ്ട്രീയത്തിനും ഒരു ബോംബിനും തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിച്ച് നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവനത്തിന്‍റെ പാതയില്‍ ഓടി ഒന്നാമതെത്തി അസ്ന. കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ബോംബേറില്‍ കാൽ നഷ്ടപ്പെട്ട അസ്ന ഇന്ന് മുതൽ സ്വന്തം നാട്ടിലെ ഡോക്ടറാണ്. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി അസ്ന കഴിഞ്ഞയാഴ്ച ചുമതലയേറ്റു. അഞ്ചാം വയസില്‍ ബോംബേറില്‍ കാല് നഷ്ടപ്പെട്ട് ജീവിതം നഷ്ടപ്പെടുമെന്ന് കരുതിയ അസ്നയ്ക്ക് ഇത് തന്നെ വീഴ്ത്തിയ വിധിയോടും അക്രമ രാഷ്ട്രീയത്തോടും പടവെട്ടി നേടിയ വിജയമാണ്.

അച്ഛന്‍ നാണുവിന് ഒപ്പമെത്തിയാണ്. അസ്‌ന ചുമതലയേറ്റത്. 2000 സെപ്റ്റംബറില്‍ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് ദിനത്തിലാണ് ബോംബെറിൽ അസ്നക്ക് കാൽ നഷ്ടപ്പെട്ടത്.

അക്രമ രാഷ്ട്രിയം കാലെടുത്ത സ്വന്തം നാട്ടിൽ കൃത്രിമ കാലുമായി സഹന പാതകളിലൂടെ പഠിച്ചുയർന്ന ഡോ.അസ്ന സ്റ്റേതസ്കോപ്പ് വെച്ച്, രോഗികളെ പരിശോധിച്ചു മരുന്നെഴുത്തുമ്പോൾ ഈ യാഥാർഥ്യത്തിനും അന്നത്തെ ചോര ചിതറിയ വേദനയ്ക്കും ഇടയിൽ 19 വർഷത്തെ അകലം ഉണ്ട്.

ബോംബെറിൽ കാൽ ചിതറിപ്പോയ ആ പെണ്കുട്ടി, അതേ നാട്ടിൽ ഡോക്ടറായെത്തുമ്പോള്‍ ആശുപത്രി മുറ്റത്ത് അഭിമാനത്തോടെ മറ്റൊരാള്‍ നിൽക്കുന്നുണ്ടായിരുന്നു. മകളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഓരോ ഇടത്തും താങ്ങായും തണലായും നടന്ന അച്ഛൻ നാണു. ഡോക്ടറാവുക എന്നത് ബോംബേറില്‍ കാല് നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയിൽ കിടന്ന സമയത്ത് മുളപൊട്ടിയ സ്വപ്നമാണെന്ന് അച്ഛന്‍ പറയുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement