ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന - കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് . വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ് പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു. ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.
വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Post a Comment