ആരോഗ്യം ആനന്ദം, അകറ്റാം അർബുദം: ജില്ലാതല മെഗാക്യാമ്പ് സംഘടിപ്പിച്ചു

Join Whatsapp




ആരോഗ്യം ആനന്ദം, അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാൻസർ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തി. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു. രോഗം വരില്ല എന്ന ആത്മവിശ്വാസത്താൽ മിക്ക സ്ത്രീകളും സ്‌ക്രീനിങ് ടെസ്റ്റിന് വിധേയരാവുന്നില്ലെന്നും പ്രാരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ കാൻസർ അതിജീവനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷീബ ടി ജോസഫ് 'ഗർഭാശയമുഖ കാൻസർ- കണ്ടെത്തലും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന വിഷയത്തിലുംഇരിവേരി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മായ 'സ്തനാർബുദവും അപകട സാധ്യതകളും', വായയിലെ കാൻസർ എന്നീ വിഷയങ്ങളിലും ക്ലാസെടുത്തു. കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ നടന്നുവരുന്ന വനിതാ ക്യാൻസർ സ്‌ക്രീനിംഗ് 23368 കടന്നതായി ഡി എം ഒ അറിയിച്ചു. കുഞ്ഞിമംഗലം കുടുംബരോഗ്യ കേന്ദ്രവും (1539) പുളിങ്ങോം കുടുംബരോഗ്യ കേന്ദ്രവുമാണ് (1052) ആയിരത്തിനു മുകളിൽ പേരെ പരിശോധനക്ക് വിധേയമാക്കിയ സ്ഥാപനങ്ങൾ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മികച്ച രീതിയിൽ സ്‌ക്രീനിംഗ് നടന്നു വരുന്നുണ്ട് (818). സ്തനാരോഗ്യ തുടർ പരിശോധനക്കായി 547 പേരെയും ഗർഭാശയ ഗള തുടർ പരിശോധനക്കായി 138 പേരെയും വായിലെ അർബുദ സാധ്യത കണ്ടെത്തിയ 35 പേരെയും തുടർ പരിശോധനക്കായി റെഫർ ചെയ്തു. തൊഴിലിടങ്ങളിലെ 30 വയസ്സ് കഴിഞ്ഞ എല്ലാ വനിതകൾക്കും സ്‌ക്രീനിംഗ് നടത്തുന്നതിന് സ്ഥാപന മേധാവികൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടാം. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ഘട്ടം കഴിയുന്നതിനാൽ അടുത്ത ഒരാഴ്ച വളരെ പ്രധാനമാണെന്നും സ്ത്രീകൾ സ്വയമേവ മുന്നോട്ടു വരണമെന്നും ഡി.എം.ഒ പറഞ്ഞു. കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് മെഗാക്യാമ്പ് സംഘടിപ്പിച്ചത്. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വനിതാ ജീവനക്കാർ, വനിതാ പോലീസ്, കണ്ണൂർ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. എ.ഡി.എം സി. പദ്മചന്ദ്രക്കുറുപ്പ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി രേഖ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ. സി.പി ബിജോയ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി കെ പയസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement

Post a Comment

Previous Post Next Post