കണ്ണൂരില്‍ റൂട്ട് ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ പൂര്‍ണമായും അഴിച്ചു മാറ്റണമെന്ന് ആര്‍.ടി.ഒ



കണ്ണൂർ: ജില്ലയിലെ റൂട്ട് ബസുകളില്‍ ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂർണമായി അഴിച്ചു മാറ്റേണ്ടതാണെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു.

റൂട്ട് ബസുകളില്‍ ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ പ്രവർത്തിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ജില്ലയിലെ പല ബസുകളിലും ഇവ വെച്ചു പിടിപ്പിച്ച്‌ അതീവ ഉച്ചത്തില്‍ പാട്ടു വെക്കുന്നതായും അതിന്റെ ശബ്ദം കുറക്കാൻ പറഞ്ഞാല്‍ പോലും കുറക്കുന്നില്ലെന്നും പരാതിയുണ്ട്.

ഇത് വഴക്കിലേക്ക് നയിക്കുന്നതായും ഇതിന്റെ പേരില്‍ യാത്രക്കാരനെ ബസില്‍ നിന്ന് ഇറക്കി വിട്ടതായും പരാതിയില്‍ പറയുന്നു. സീറ്റിന്റെ അടിയില്‍ സ്പീക്കർ ബോക്‌സ് വച്ചിരിക്കുന്നത് കൊണ്ട് കാല്‍ നീട്ടി വെച്ചു ഇരിക്കാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്.

പരിശോധനകളിലോ പരാതിയിലോ ഇത്തരത്തില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ 10,000 രൂപ വരെയുള്ള ഉയർന്ന പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു. അമിത ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്.

കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷകളില്‍ മീറ്റർ ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്നില്ലെന്നും പെർമിറ്റിന് അനുസൃതമായല്ല ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും വരും ദിവസങ്ങളില്‍ കർശന പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement