ആറളം ഫാമിൽ ആനകളെ കാടുകയറ്റൽ ദൗത്വം ആരംഭിച്ചു



ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന മന്ത്രി തല ചർച്ചയിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നായ ആനകളെ കാടുകയറ്റൽ ദൗത്യത്തിന് ബുധനാഴ്ച തുടക്കമായി. ആറളം ഫാമിന്റെ പുനരധിവാസ മേഖലയിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ കാടുകയറ്റുന്ന ദൗത്യമാണ് വനം വകുപ്പധികൃതർ ആരംഭിച്ചത്. 
 ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം ബീറ്റ് ഫോറസ്റ്റ് ഓഫീസർന്മാരുടേയും വാച്ചർന്മാരുടേയും നേതൃത്വത്തിൽ കണ്ണൂർ ഡിവിഷന് കീഴിലെ 45 ഓളം സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തുരത്തൽ തുടങ്ങിയത്. ബുധനാഴ്ച്ച രാവിലെ 7.30തോടെ ആരംഭിച്ച ദൗത്വം വൈകിട്ടുവരെ തുടർന്നു.
 വൈകുന്നേരമാകുമ്പോഴേക്കും 6 എണ്ണത്തെ കാട് കയറ്റി. ഇവ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാൻ നിരീക്ഷണവും ശക്തമാക്കി. മറ്റ് മേഖലകളിലുള്ള ആനകളേയും ഡ്രോൺ സംവിധാനത്തിലൂടെ നിരീക്ഷിച്ച ശേഷം ആൾതാമസമില്ലാത്ത മേഖലയിൽ എത്തിച്ച ശേഷം കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേത്തതിലേക്ക് ഓടിക്കാനുള്ള രൂപരേഖയാണ് തെയ്യാറാക്കിയിരിക്കുന്നത്. വനത്തിലേക്ക് പ്രവേശിച്ച ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് തിരികെ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ക്രമീകരണങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആനമതിൽ ഇല്ലാത്ത ഭാഗങ്ങളിലെ താല്ക്കാലിക പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നടപടികളും തുടങ്ങി. 12,13 ബ്ലോക്കുകളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തിയത്.
കഴിഞ്ഞ ദിവസം ദമ്പതികളുടെ മരണത്തെ തുടർന്നുണ്ടായ വലിയ ഒച്ചപ്പാടും ബഹളവും വാഹനങ്ങളുടെ സാന്നിധ്യവും കാരണം ആനക്കൂട്ടങ്ങൾ കുറ്റിക്കാടുകളിൽ നിന്നും ഇടതൂർന്ന കാടുകളിലേക്ക് മാറിയതായും സംശയിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാനും കഴിയില്ല. ഇത്തരം ഭാഗങ്ങളിൽ നിന്നും ആനകളെ വെളിയിലേക്ക് ഇറക്കുന്നതിനുള്ള കാര്യങ്ങളും വരും ദിവസങ്ങളിൽ ആരംഭിക്കും. പൂക്കുണ്ട് മുതൽ പരിപ്പ് തോട് വരെയുള്ള ഭാഗങ്ങളിലെ നിലവിലുള്ള സോളാർ വേലി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ ആർ ടി റെയഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും ഓടിക്കലും നടത്തുന്നത്.
ആനയോടിക്കുന്ന സമയത്ത ജനങ്ങൾ പുറത്തിറങ്ങാതിരിക്കാനുള്ള മൈക്ക് പ്രചാരണവും ആറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ജനവാസ മേഖലയിൽ മൂന്ന് ടീം രാത്രികാല പട്രോളിങ്ങും നടത്തും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement