കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമര്‍ശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സില്‍വര്‍ലൈന്‍ പദ്ധതിയിലും കേരളത്തിന് ഇത്തവണത്തെ ബജറ്റിലും നിരാശ തന്നെയാണ്. രാജ്യത്തെയാകെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ശേഷം ആ പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജുകളൊന്നും പരാമര്‍ശിക്കാത്തതാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഏറ്റവുമധികം നിരാശയുണ്ടാക്കുന്നത്.
അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24,000 കോടിയുടെ പ്രത്യേക പാക്കേജ് ഏറെ പ്രതീക്ഷിച്ചതായിരുന്നു. മുണ്ടക്കൈ പുനരധിവാസത്തിനായി 2000 കോടിയും വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ 1000 കോടിയും വിഴിഞ്ഞം തുറമുഖത്തിവായി 5000 കോടിയും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവയൊന്നും പരിഗണിക്കപ്പെട്ടതേയില്ല.
കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ കടുത്ത നിരാശയും ബിഹാറിന് ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനങ്ങളുമുണ്ടായ പശ്ചാത്തലത്തില്‍ ഇതില്‍ വലിയ രാഷ്ട്രീയ വിമര്‍ശനമുന്നയിക്കുകയാണ് കേരളത്തില്‍ നിന്നുള്ള എംപിമാരും സംസ്ഥാന സര്‍ക്കാരും. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്. ഐഐടി പട്‌നയ്ക്കും പരമാവധി പ്രോത്സാഹനം നല്‍കാന്‍ ബജറ്റില്‍ നീക്കിയിരിപ്പുണ്ട്. ആരോഗ്യദായകമായ സ്‌നാക് എന്ന പേരില്‍ ഇപ്പോള്‍ വലിയതോതില്‍ അംഗീകരിക്കപ്പെടുന്ന മഖാനയെ പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
Post a Comment