ഇരിട്ടി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ 'ഇനി ഞാനൊഴുകട്ടെ' മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ മുഴക്കുന്ന് പഞ്ചായത്തിലെ മുഴുവൻ തോടുകളുടെ ശുചീകരണവും തോടുസഭയും നടത്തി.15 വാർഡുകളിലെ 18 തോടുകളും ബാവലിപ്പുഴയുടെ തീരവും ഉൾപ്പെടെ 34 കിലോമീറ്റർ ദൂരത്തിലാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തേയും തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ, ചുമട്ടു തൊഴിലാളികൾ, വിവിധ ക്ലബുകൾ, രാഷ്ട്രീയ സംഘടനാ പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെ ആയിരങ്ങളാണ് ഒറ്റദിവസം കൊണ്ട് മുഴുവൻ തോടുകളും മാലിന്യമുക്തമാക്കിയത്. ലഭിച്ച നാല് ടണ്ണോളം വരുന്ന പാഴ് വസ്തുക്കൾ പ്ലാസ്റ്റിക്ക് കവറുകൾ,പ്ലാസ്റ്റിക് ബോട്ടിലുകൾ, ചില്ല് കുപ്പികൾ, മറ്റുള്ളവ എന്നിങ്ങനെ വേർതിരിച്ച് ചാക്കുകളിലാക്കി എം സി എഫിൽ എത്തിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറും.
തോടുസഭയുടെയും ശുചീകരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം മുടക്കോഴി തോടരികിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ. വനജ അധ്യക്ഷയായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. കെ .ചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. വത്സൻ, സി ഡി എസ് ചെയര്‌പേഴ്‌സൻ കെ. നയന, സി ഡി എസ് അംഗം രമ്യ ഷൈജു തുടങ്ങിയവർ സംസാരിച്ചു.
Post a Comment