കണ്ണൂർ പ്രസ് ക്ലബ് ജംഗ്ഷനിൽനിന്ന് മുനീശ്വരൻ കോവിൽ ജംഗ്ഷൻ വരെ, കണ്ണൂരിന്റെ കിഴക്ക് ഭാഗത്തേയും പടിഞ്ഞാറ് ഭാഗത്തേയും ബന്ധിപ്പിക്കുന്ന റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് പുനർനിർമ്മിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം റെയിൽവേയോട് അഭ്യർഥിച്ചു. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വർഷങ്ങളായി റെയിൽവേപാളം മുറിച്ചുകടക്കാൻ കാൽനടക്കായി ഉപയോഗിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് കാലപ്പഴക്കം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആയതിനാൽ, പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള നപടികൾ അടിയന്തിരമായി ആരംഭിക്കണമെന്നാണ് ആവശ്യം. വിഷയം സതേൺ റെയിൽവേ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സിവിൽ സ്‌റ്റേഷനിൽ ടോയ്‌ലറ്റ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് കണ്ണൂർ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതിക്കായി 4.50 ലക്ഷം രൂപ വകയിരുത്തി എസ്റ്റിമേറ്റ് തയ്യറാക്കുന്നതായി കോർപറേഷനും അറിയിച്ചു.
2019-20 സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച നടാൽ പാലത്തിന്റെ നിർമ്മാണ സ്ഥലത്ത് കണ്ടൽ ചെടികൾ ഉള്ളതിനാൽ വനം വകുപ്പിന്റെ അനുമതിക്കായി 83,689 രൂപ പൊതുമരാമത്ത് വകുപ്പ് മുഖേന അടക്കേണ്ട സാഹചര്യത്തിൽ, മുൻകൂർ കൈവശാവകാശം നൽകുന്ന കാര്യം പരിഗണിക്കാൻ വനം വകുപ്പിന് മന്ത്രി നിർദേശം നൽകി.
അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരമായി പാലം നിർമ്മിക്കുന്നതിന് 10 ലക്ഷത്തിന്റെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി ജനുവരി 14നും സാങ്കേതികാനുമതി ജനുവരി 30നും ലഭിച്ചതായും അടുത്തയാഴ്ച ഇതിന്റെ ടെൻഡർ നടപടി തുടങ്ങുമെന്നും പൊതുമരാമത്ത് (ദേശീയപാത) വകുപ്പ് അറിയിച്ചു.
ദേശീയപാതയുടെ കീഴിലുള്ള പുതിയതെരു റോഡിലെ കുഴികളുടെ അറ്റകുറ്റപണി നടന്നു വരുന്നതായും രണ്ടുദിവസത്തിനകം തീർക്കുമെന്നും കരാറുകാരായ വിശ്വസമുദ്ര അറിയിച്ചു. ബൈപാസ് പ്രവൃത്തികൾ പൂർത്തിയാക്കി കൈമാറുമ്പോൾ നിലവിലെ റോഡിന്റെ ഓവർലേ ചെയ്യുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച് സ്ഥിരതാമസമല്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ കുടുംബങ്ങൾക്ക് നൽകുന്നതിനായി ഐടിഡിപി നടത്തിയ പരിശോധനക്ക് ശേഷം അവശേഷിച്ച 137 പേർക്ക് ഒരാഴ്ചയ്ക്കകം നറുക്കെടുപ്പ് നടത്തി പട്ടയം തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.
കാലവർഷത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ റോഡ് സുരക്ഷാ യോഗം ഈ മാസം വിളിച്ചുചേർക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം മേഖലകളിൽ കള്ളക്കടൽ ആക്രമണം മൂലം വെള്ളം കയറുന്ന പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയ പ്രൊപ്പോസൽ കെഎസ്ഡിഎംഎ വഴിയും ഹോട്ട് സ്‌പോട്ട് ഏരിയയിൽ ഉൾപ്പെടുന്ന പ്രവൃത്തി എഡിബി ഫണ്ടിംഗിന് വേണ്ടിയും സമർപ്പിച്ചിട്ടുണ്ട്. എഡിബി ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എ.ഡി.ബി മിഷൻ എക്കോളജിക്കൽ ടീം മേധാവി ജനുവരി ഏഴിന് പെട്ടിപ്പാലം, പുന്നോൽ, മാ ക്കൂട്ടം എന്നീ ഹോട്ട് സ്‌പോട്ട് മേഖലകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എഡിബി ഫണ്ടിങ്ങിനുള്ള ഒന്നാം ഘട്ട പട്ടികയിൽ തലശ്ശേരി ഉൾപ്പെട്ടിട്ടുണ്ട്. മാർച്ചോടെ ഡിസൈൻ ആവും.
തലായി ഫിഷറീസ് ഹാർബറിന്റെ തെക്ക് വശം മാക്കൂട്ടം പുന്നോൽ ഭാഗത്തായി നിലവിൽ നാല് ഗ്രോയിനുകൾ നിർമ്മിച്ചതായും, നിലവിലുള്ളവയുടെ നീളം വർധിപ്പിക്കുന്നതിനും, പുതിയ നിർമ്മാണത്തിനുമായുള്ള പ്രൊപ്പോസലുകൾ വാർഷിക പദ്ധതിയിൽ സമർപ്പിച്ചതായും ഹാർബർ എൻജിനീയറിങ് എക്‌സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തി ഏർപ്പാടാക്കുമെന്നും അറിയിച്ചു
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതതായി പരിസരവാസികളുടെ പരാതിയുള്ളതായി മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ ഷാജിത്ത് അറിയിച്ചു. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. വിമാനത്താവളത്തിലെ പ്രധാന ഗേറ്റിന് സമീപമുള്ള ട്രാഫിക് സിഗ്‌നൽ പ്രവർത്തിക്കാത്തതും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി. അടുത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് ജില്ലാ പൊലീസിനോട് കലക്ടർ നിർദേശിച്ചു.
തലശ്ശേരി ജനറൽ ആശുപത്രിയുടെ വാട്ടർ ടാങ്ക്, കാഷ്വാലിറ്റി ബ്ലോക്ക്, ലിഫ്റ്റ് മുതലായവയുടെ നിർമ്മാണത്തിന് അനുമതി ലഭ്യമാകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നുള്ള ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. 1.85 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായും, പ്രവൃത്തിയുടെ എഗ്രിമെന്റ് ഉടനെ തന്നെ സമർപ്പിക്കുമെന്നും, എത്രയും വേഗത്തിൽ പ്രവൃത്തി തുടങ്ങുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചതായും ഡിഎംഒറിപ്പോർട്ട് ചെയ്തു.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച എട്ട് ഏക്കർ സ്ഥലത്തേക്ക് 75 മീറ്റർ ദൂരത്തിൽ റോഡ് നിർമിക്കുന്നതിന്റെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്ന് തലശ്ശേരി സബ് കലക്ടർ റിപ്പോർട്ട് ചെയ്തു. രജിസ്‌ട്രേഷൻ ഫീസിൽ ഇളവ് നൽകണമെന്ന സ്‌കൂളിന്റെ ആവശ്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മയ്യഴി പുഴയിൽ നിർമ്മാണം പൂർത്തിയായ ബോട്ട് ജെട്ടികളുടെ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കും. പുഴയെ വിവിധ യൂണിറ്റുകളാക്കി തിരിച്ചാണ് ടെൻഡർ നടപടികൾ സ്വീകരിക്കുക.
മട്ടന്നൂർ റവന്യൂ ടവർ ഉദ്ഘാടനം കഴിഞ്ഞ ശേഷവും പ്രവർത്തന രഹിതമായി തുടരുന്ന വിഷയത്തിൽ ഫയർഫോഴ്‌സ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് അനുമതികൾ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് യോഗം വിളിക്കും.
യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ, എംപിമാരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment