കണ്ണൂർ: ജില്ലയിൽ പാതിവില സ്കൂട്ടർ തട്ടിപ്പ് ഉൾപ്പെടെ ഇരയായവർക്ക് സീഡ് സൊസൈറ്റി നൽകേണ്ടത് 14.86 കോടി രൂപയാണ്.
ഇതിൽ 12 കോടിയോളം രൂപ സ്കൂട്ടർ ബുക്ക് ചെയ്തവരുടേതാണ്. 2026 പേരാണ് സ്കൂട്ടറിന് വേണ്ടി പണം അടച്ചതെന്ന് സീഡ് സൊസൈറ്റി കണ്ണൂർ ജില്ലാ പ്രോജക്ട് മാനേജർ പി രാജാമണി, സീഡ് സൊസൈറ്റി തളിപ്പറമ്പ്, കണ്ണൂർ ഭാരവാഹികളായ എൻ സുബൈർ, പി സമീർ എന്നിവർ പറഞ്ഞു.
ഗുണഭോക്താക്കളെപ്പോലെ തങ്ങളും ഇരകളാണെന്ന് സീഡ് പ്രതിനിധികൾ അറിയിച്ചു. ജില്ലയിലെ ആറ് സീഡ് സൊസൈറ്റികളിലായി 10,000-ഓളം പേർ അംഗത്വം എടുത്തിട്ടുണ്ട്.ഇവരിൽ അയ്യായിരത്തോളം പേർക്ക് ഹോം അപ്ലയൻസ് പദ്ധതിയിൽ അടക്കം തുക തിരിച്ച് നൽകാനുണ്ട്. 10,000-ഓളം അംഗങ്ങളിൽ നിന്ന് അംഗത്വ ഫീസായി 320 രൂപയും വാങ്ങിയിരുന്നു.
ജില്ലയിൽ 50 കോഡിനേറ്റർമാർ, 200 പ്രൊമോട്ടർമാർ എന്നിവർ സീഡ് സൊസൈറ്റിക്കായി പ്രവർത്തിച്ചിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 6.63 കോടി രൂപയുടെ പദ്ധതികൾ അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ സീഡ് സൊസൈറ്റി നടപ്പാക്കിയിരുന്നു.ഈ വിശ്വാസത്തിലാണ് സ്കൂട്ടർ പദ്ധതി തുടങ്ങിയതെന്ന് സീഡ് ഭാരവാഹികൾ പറയുന്നു.
അപേക്ഷകരുടെ പണം മുകളിൽ നിന്ന് നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് അടക്കുകയാണ് ചെയ്തത്. അതിൽ നിന്ന് ഒരുരൂപ പോലും എടുത്തിട്ടില്ല. ഗുണഭോക്താക്കൾക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ സീഡ് പ്രവർത്തകരെന്നും പ്രതിനിധികൾ പറഞ്ഞു.
Post a Comment