സാധാരണക്കാർക്ക് ആശ്വാസം; 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ല; ഉത്തരവ് പുറത്തിറക്കി സർക്കാർ



നെൽവയൽ തണ്ണീർത്തട നിയമത്തില്‍ ഇള‍വ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിശ്ചിത വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആനുകൂല്യം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്നും ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉത്തരവ് നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും നൽകിയിരുന്നു. അതിന് പിറകെയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

സ്വന്തമായി വീടില്ലാത്ത അര്‍ഹര്‍ക്ക് ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍ -തണ്ണീര്‍ത്തട പരിധിയില്‍ ഉള്‍പ്പെട്ടാലും വീട് നിര്‍മാണത്തിന് ഇനി മുതല്‍ അനുമതി ലഭിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയസഭയില്‍ നല്‍കിയ ഉറപ്പാണ് തദ്ദേശവകുപ്പ് സര്‍ക്കുലറായി പുറത്തിറക്കിയത്. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനം.

10 സെന്റ് വിസ്തൃതിയുള്ള ഭൂമിയില്‍ 1291.67 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിനും പരമാവധി അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയില്‍ 430.56 ച. അടി വരെ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും ഭൂമി തരംമാറ്റ അനുമതി ഇനി മുതല്‍ വേണ്ട. ഈ ആനുകൂല്യം ഒരിക്കല്‍ മാത്രമെ ലഭ്യമാകൂ. അപേക്ഷകള്‍ സ്വീകരിക്കാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസം കാരണം ലൈഫ് ഗുണഭോക്താക്കളടക്കം നിരവധി പേരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ഇത് ഉദ്യോഗസ്ഥതലത്തില്‍ വരുത്തുന്ന ഗുരുതരമായ അനാസ്ഥയായി മാത്രമെ കാണാന്‍ കഴിയുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടുള്ളതല്ലെന്നാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും 28-നു മുന്‍പായി തീര്‍പ്പാക്കണം.

തീര്‍പ്പാക്കുന്നതിനു വേണ്ടി കൂടുതല്‍ രേഖകള്‍, അപേക്ഷകന്റെ സാന്നിധ്യം എന്നിവ ആവശ്യമുള്ള കേസുകളില്‍ ഫെബ്രുവരി 27, 28 തീയതികളിലായി എല്ലാ തദ്ദേശസ്ഥാപനങ്ങളും അദാലത്തുകള്‍ സംഘടിപ്പിക്കേണ്ടതും പൂര്‍ണമായി എല്ലാ അപേക്ഷകളും തീര്‍പ്പാക്കേണ്ടതുമാണ്. മേല്‍ വിഷയത്തില്‍ വീഴ്ചവരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement