ഇരിട്ടി: രാവെന്നോ പകലെന്നോ ഇല്ലാതെ എപ്പോഴും എന്തും സംഭവിക്കാം എന്ന ആശങ്കയിൽ കാട്ടാനക്കൂട്ടങ്ങൾക്ക് നടുവിൽ ഭയവിഹ്വലരായി കഴിയുകയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കാടിറങ്ങിയെത്തി ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളാണ് ഇവിടുത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത്.
ഫാമിന്റെ കാർഷിക മേഖലയിൽ കശുവണ്ടി കൃഷിയിടങ്ങളിലുൾപ്പെടെ കാടുവെട്ടിത്തെളിച്ചതും സോളാർ തൂക്കുവേലികൾ ഉൾപ്പെടെ തീർത്തു മിക്കയിടങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്തതോടെയാണ് ആനകൾ പുനരധിവാസ മേഖലയിൽ തമ്പടിച്ച തുടങ്ങിയത്. പുനരധിവാസ മേഖലയിൽ വായനാട്ടുകാർക്ക് പതിച്ചുകൊടുത്ത ഏക്കർകണക്കിന് ഭൂമി ഇവർ താമസിക്കാൻ എത്താഞ്ഞതോടെ കടുകെട്ടി വനസമാനമായി കിടക്കുകയാണ്. ഇവർക്കായി നിർമ്മിച്ച നൽകിയ നൂറുകണക്കിന് വീടുകളും ഇവർ ഉപേക്ഷിച്ചു പോയതോടെ കാടുകയറി നശിക്കുകയാണ്. ഇത്തരം പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങൾ തമ്പടിച്ചു കിടക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പന്ത്രണ്ടോളം മരണങ്ങളാണ് കാട്ടാന അക്രമത്തിൽ ആറളം ഫാമിൽ ഉണ്ടായത്. ഓരോ മരണമുണ്ടകുമ്പോഴും പ്രതിഷേധം കനക്കുകയും വാഗ്‌ദങ്ങളുമായി അധികൃതർ എത്തുകയും ചെയ്യുമെങ്കിലും വീണ്ടും പൂർവ സ്ഥിതിയിലേക്ക് തന്നെ തിരിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ആനപ്രതിരോധത്തിനായി നിർമ്മാണം ആരംഭിച്ച ആന മതിൽ കാൽഭാഗം പോലും പൂർത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്. ആഘോഷപൂർവം കൊട്ടിഘോഷിച്ച് നിർമ്മാണപ്രവർത്തി ആരംഭിച്ചെങ്കിലും എങ്ങുമെത്താതെ നിൽക്കുന്ന ആന പ്രതിരോധ മതിൽ അധികൃതരുടെ ഇച്ഛാശക്തിയില്ലായ്മയുടെ നേർക്കാഴ്ചയാണ്. തങ്ങൾക്കു നിറയെ വാഗ്ദാനങ്ങൾ നൽകി ഈ ആനക്കാട്ടിൽ കൊണ്ടുവന്ന് കുടിയിരുത്തിയ അധികൃതർ ആനകളും കാട്ടുമൃഗങ്ങളും തങ്ങളെ കൊന്നു തീർക്കുന്നത് നോക്കി നിൽക്കുകയാണെന്നാണ് ഇവിടെ നിത്യ ദുരിതമനുഭവിക്കുന്ന ആദിവാസി കുടുംബങ്ങൾ പറയുന്നത്. ആനകൾ രാപ്പകലില്ലാതെ വീട്ടുമുറ്റങ്ങളിൽ എത്തുന്നതും കുടിലുകൾ ഉൾപ്പെടെ തകർക്കുന്നതും വിദ്യാർഥികൾ ഉൾപ്പെടെ ആനകൾക്ക് മുന്നിൽ പെടുന്നതും ഇവിടെ നിത്യ സംഭവമായി മാറിയിരിക്കയാണ്. പലരും ആനകൾക്ക് മുന്നിൽപെട്ട് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പരിക്കേൽക്കുന്ന നിരവധി സംഭവങ്ങളും അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ എത്തിയ കാട്ടാന പുനരധിവാസ മേഖലയിലെ കുടിലിന് മുകളിൽ തെങ്ങ് മറിച്ചിട്ട് കുടിൽ തകർത്തു. എന്നാൽ ഈ സമയം കടുംബം വീട്ടിൽ ഇല്ലാഞ്ഞതുമൂലം രക്ഷപ്പെടുകയായിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലെ പാലക്കുന്നിൽ താമസിക്കുന്ന റീന ശ്രീധരന്റെ കുടിലിന് മുകളിലാണ് കാട്ടാന തെങ്ങ് തള്ളിയിട്ടത്. ഇതോടെ കുടിൽ പൂർണമായും തകർന്നു. കുടിലിൽ താമസിക്കുന്ന കുടുംബം ചികിൽസക്കായി കണ്ണൂരിലായതിനാൽ രക്ഷപ്പെടുകയായിരുന്നു.
Post a Comment