ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ നീലായിൽ വീട്ടുമുറ്റത്തുനിന്നും വളർത്തുനായയെ പിടിച്ചത് കടുവയല്ലെന്ന് തെളിഞ്ഞു. ഇവിടെ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ അത് പുലിയാണെന്ന സംശയം ബലപ്പെടുത്തിക്കൊണ്ട് പുലിയുടെ ദൃശ്യം പതിഞ്ഞു. കഴിഞ്ഞ ദിവസം വനത്തിൽ വളർത്തു നായയുടെ ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്ഥാപിച്ച ക്യാമറയിലാണ് വലിയ പുലിയുടെ ദൃശ്യം പതിഞ്ഞത്. വളർത്തു നായകളെ പിടിച്ചു കൊണ്ടുപോകുന്നത് കടുവയാകാമെന്ന നാട്ടുകാരുടെ സംശയം ഇതോടെ ദൂരീകരിക്കപ്പെട്ടു.
വളർത്തു പട്ടിയെ പിടിച്ചു കൊണ്ടുപോയ പ്രദേശത്തോട് ചേർന്ന് വനം വകുപ്പ് കടുവയെ പിടികൂടുന്നതിനായി കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ വനം ദ്രുത കർമ്മ സേന ഡപ്യൂട്ടി റെയിഞ്ചർ ഷൈനികുമാറിന്റെ നേതൃത്വത്തിൽ വനത്തിനുളളിൽ നടത്തിയ പരിശോധനയിലാണ് വളർത്തുപട്ടിയുടെ തലയില്ലാത ഉടൽഭാഗം കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ജനവാസ മേഖലകളിലും വനാതിർത്തിയിലും സ്ഥാപിച്ച ക്യാമറകളിലൊന്ന് അവശിഷ്ടങ്ങൾ കണ്ടഭാഗത്ത് ബുധനാഴ്ച്ച മാറ്റി സ്ഥാപിച്ചത്. രാത്രി ഒമ്പതുമണിയോടെ നായുടെ അവശിഷ്ടങ്ങൾക്കടുത്തെത്തിയ പുലി അവശേഷിച്ച ഭാഗങ്ങൾ മുഴുവൻ തിന്നുതീർത്ത് സമീപത്തു തന്നെനിലയുറപ്പിച്ചു.
നാലു വയസ് തോന്നിക്കുന്ന വലിയ പുലിയാണെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വനം ദ്രുത കർമ്മ സേന വ്യാഴാഴ്ച്ച സ്ഥലത്തെത്തി പരിശോധിച്ചപ്പോൾപുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പടക്കം പൊട്ടിച്ചും മറ്റും ഉൾവനത്തിലേക്ക് തുരത്തി. കടുവയ്ക്കായി സ്ഥാപിച്ച കൂടും മറ്റ് ക്യാമറകളും നിരീക്ഷണത്തിനായി അവിടെ തന്നെ നിലനിർത്തുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
കാടിനുള്ളിൽ നിന്നും കേട്ടിരുന്ന മുരൾച്ചയും മറ്റും കടുവയുടേതിന് സമാനമെന്ന് കരുതിയിരുന്നെങ്കിലും കാൽപ്പാടുകളും മറ്റ് സാഹചര്യ തെളിവുകളും വെച്ച് പുലിയാകാമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ് . ക്യാമറവെച്ച് നിരീക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കടുവയ്ക്കുള്ള കൂട് സ്ഥാപിച്ചത്. വയനാട്ടിൽ കടുവയുടെ അക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തിൽ വനം വകുപ്പ് അധികൃതർ ജനങ്ങളുടെ ആവശ്യത്തിനൊപ്പം നില്കുകയുമായിരുന്നു.
Post a Comment