ആറളം ഫാമിൽ ലേബർ ബാങ്ക് രൂപീകരിക്കുന്നു



ഇരിട്ടി: ആറളം ഫാമിൽ ടിആർഡിഎമ്മിൻ്റെ സഹകരണത്തോടെ ലേബർ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പുനരധിവസിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് ജീവനോപാധി ഉറപ്പുവരുത്തുക എന്നതാണ് ആറളം ഫാമിന്റെ പ്രധാന ലക്ഷ്യം. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ആറളം ഫാമിൽ പുതുതായി തൊഴിലവസരം സൃഷ്ടിക്കപ്പെട്ടിട്ടില്ല. നിലവിൽ ആറളം ഫാമില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പങ്കാളിത്ത കൃഷി പദ്ധതിയിലൂടെ മുന്നൂറോളം പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ കഴിയും. ഈ പദ്ധതി നടപ്പിലാക്കുവാൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്നത് ലേബർ ബാങ്കിലൂടെയാണ്. ഓരോ തൊഴിലാളികളുടെയും നൈപുണ്യം മനസ്സിലാക്കി അവർക്ക് അനുയോജ്യമായ തൊഴിൽ നൽകുവാനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുക. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടുകൂടി ആദിവാസി പുനരുധിവാസ മിഷനിലൂടെ നിലവിൽ 343 പേർ ലേബർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ശേഷി മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ ഇവർക്ക് നൽകുവാൻ കഴിയും. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ പരിശീലനവും നൽകും.
പങ്കാളിത്ത പദ്ധതി നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമവും നേരിട്ട് അവലോകനം ചെയ്യുന്നതിനും കൃത്യമായ ഗുണഭോക്താക്കളെ കണ്ടെത്തി തൊഴിലുടമയ്ക്ക് നൽകുന്നതിനും ലേബർ ബാങ്കിലൂടെ കഴിയും. അതോടൊപ്പം സാമുദായിക അടിസ്ഥാനത്തിലുള്ള പങ്കാളിത്തവും ഇതിലൂടെ ഉറപ്പുവരുത്താനാകും. പിന്നോക്കക്കാർക്ക് പരിഗണന നൽകിയായിരിക്കും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുക. 
ആറളം ഫാം മാനേജിംഗ് ഡയറക്ടർ ലേബർ ബാങ്കിൻറെ ചെയർമാനും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതിലെ അംഗങ്ങൾ ആയിരിക്കും. തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളോ അവകാശ ലംഘനമോ ഉണ്ടായാൽ ലേബർ ബാങ്കിലൂടെ പരിഹരിക്കാൻ കഴിയും. അതോടൊപ്പം തൊഴിലുടമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ലേബർ ബാങ്ക് ഇടപെടുന്നതായിരിക്കും. ആറളം പുനരധിവാസ മേഖലയിലെ ജനങ്ങളുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിന് സംരംഭക പദ്ധതികളുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആധുനിക വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ ആറളം ലേബർ ബാങ്ക് 'ഓൺലൈൻ' സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനായി ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് എൻഎസ്എസ് യൂണിത്തിന്റെ സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവര ശേഖരണ ക്യാംപ് നടത്തും. പങ്കാളിത്ത കൃഷി നടത്തുന്നവരുടെ തൊഴിൽ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനൊപ്പം 2 -ാം ഘട്ടത്തിൽ പുറമേ നിന്നുള്ളവർക്കും ഫാം തൊഴിലാളികളുടെ സേവനം ആറളം ലേബർ ബാങ്ക് ആപ്പിലൂടെ ഔദ്യോഗിക അനുമതിയോടെ ലഭ്യമാക്കാനും പുനരധിവസിപ്പിക്കപ്പെട്ടവരിൽ ജോലി ചെയ്യാൻ സന്നദ്ധത ഉള്ള മുഴുവൻ ആളുകൾക്കും ജോലി ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement