ഇരിട്ടി: ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിക്കവേ പന്നി കുറുകെചാടി ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു. കീഴ്പ്പള്ളി ഇടവേലി സ്വദേശി തെക്കേപ്പാടത്ത് ജിനു അലക്സ് (23) , പിതാവ് അലക്സ് (58) എന്നിവർക്കാണ് പരിക്കേറ്റത്. ജിനുവിന് തലക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.30 തോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ വെച്ചായിരുന്നു അപകടം. ആറളം ഫാമിലെ ആറാംബ്ലോക്കിൽ പാട്ടത്തിനെടുത്ത റബർത്തോട്ടത്തിൽ ടാപ്പിംഗിനായി പോവുകയായിരുന്ന പിതാവ് അലക്സിനെ ഇവിടെ കൊണ്ടുവിടാൻ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിനു കുറുകെ ഓടിയ കാട്ടു പന്നിക്ക് ഇടിച്ച ശേഷം ബൈക്ക് മറിയുന്നതിനിടെ രണ്ടുപേരും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ അൽപ്പനേരം കിടന്ന ഇവരെ അടുത്ത റബർ തോട്ടത്തിൽ ടേപ്പ് ചെയ്യുകയായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആറളം ഫാമിലൂടെ കടന്നു പോകുന്ന ആറളം- മുഴക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൽ രാത്രിയോ പകലോ എന്നില്ലാതെ കാട്ടാനശല്യത്തിന് പുറമേ കാട്ടുപന്നി ശല്യവും രൂക്ഷമാണ്
Post a Comment