പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകൾക്കു ശേഷം ബ്ലൂ ഫ്ളാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ വർഷം ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിച്ചത്.
അഴീക്കോട് എംഎൽഎ കെ വി സുമേഷാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്ളാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്മെന്റ് കമ്മിറ്റി അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ളാഗ് ലഭിക്കാൻ വഴിയൊരുക്കിയത്. ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ പതാക ഏറ്റുവാങ്ങി
Post a Comment