മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ ആർ കേളു. വിഷയം എല്ലാവരുമായും ചർച്ച ചെയ്യുമെന്നും കടുവയെ ഇന്ന് തന്നെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ജനങ്ങളുടെ സുരക്ഷയ്ക്ക് ആർആർടി സംഘത്തെ വിന്യസിപ്പിക്കും. ഫെൻസിംഗ് നടപടികൾ പരമാവധി വേഗത്തിലാക്കും. കടുവയെ പിടികൂടാൻ കൂടു സ്ഥാപിക്കും. പതിനൊന്ന് ലക്ഷം രൂപ കുടുംബത്തിന് നൽകും. ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകും. ബാക്കി തുക രേഖകൾ ലഭ്യമാക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ നൽകും. ഇതിന് പുറമെ കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും. ചെയ്യാവുന്നതിൻ്റെ പരമാവധി സർക്കാർ ചെയ്യുമെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടും . ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
രാധ എന്ന സ്ത്രീയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചായിരുന്നു കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണാമായിരുന്നു. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സാധാരണ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post a Comment