പഴശ്ശി കനാലുകൾ തുറന്നു വർഷങ്ങൾക്ക് ശേഷം കൃഷിയാവശ്യങ്ങൾക്കായി ജലം ഉപയോഗിക്കും




ഇരിട്ടി: പഴശ്ശിയുടെ കനലുകൾ തുറന്ന് ജലമൊഴുക്കൽ ആരംഭിച്ചു. ഒന്നര പതിറ്റാണ്ടിന് ശേഷം പഴശ്ശി പദ്ധതിയുടെ കനാലിലൂടെ കൃഷി ആവശ്യത്തിന് വെള്ളം തുറന്നു വിടാൻ കഴിഞ്ഞത് കനലുകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർക്കും പ്രതീക്ഷ നൽകുകയാണ്. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പഴശ്ശി ഡാമിലെ ഹെഡ് റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകളും 20 സെ.മീ. വീതം ഉയർത്തിയാണ് കാനാൽ വഴി ജലം ഒഴുക്കിയത്. ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇൻചാർജ് പി.പി. മുരളീഷ് കനാൽ ഷട്ടർ തുറക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മണിക്കൂറിൽ രണ്ട് കിലോമീറ്റർ എന്ന തോതിൽ ഒഴുകിയ വെള്ളം വൈകുന്നേരം ആറുമണിയോടെ 13 കിലോമീറ്റർ പിന്നിട്ടു. ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെ 24.5 കിലോമീറ്റർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ കണിയേരി പറഞ്ഞു. റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂടീവ് എഞ്ചിനീയർ കെ. സന്തോഷും ചടങ്ങിൽ സംബന്ധിച്ചു.
പഴശ്ശി പദ്ധതിയുടെ നവീകരിച്ച കനാൽ ശൃംഖലകളിലൂടെയുള്ള മെയിൻ കനാൽ 42.5 കിലോമീറ്റർ പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ 23. 34 കി.മീ. എലാങ്കോട് വരെയും വെള്ളമെത്തും. കൂടാതെ കൈക്കനാലുകളായ മാമ്പക, കാവുംതാഴെ, മണിയൂർ, തരിയേരി, തണ്ടപ്പുറം, വേശാല, നണിയൂർ, വേങ്ങാട്, കുറുമ്പുക്കൽ, മാങ്ങാട്ടിടം, വള്ള്യായി, പാട്യം, മൊകേരി എന്നിവയിലൂടെയും അനുബന്ധ ഫീൽഡ് ബോത്തികളിലൂടെയും ജലവിതരണം നടത്താനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നത്. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുശീല ദേവി, അസി. എഞ്ചിനീയർമാരായ പി.വി. മഞ്ജുള , കെ. വിജില, കെ.രാഘവൻ, എം.പി. ശ്രീപദ്, ടി.എൻ. അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജീവനക്കാർ വെള്ളമൊഴുക്ക് നിരീക്ഷിച്ചു വരുന്നു. 15 വർഷങ്ങൾക്ക് ശേഷമാണ് പദ്ധതിയുടെ മെയിൻ കനാൽവഴി ജനുവരി ആദ്യ വാരം തന്നെ കൃഷി ആവശ്യത്തിന് വെള്ളം നൽകാൻ കഴിയുന്നത്. കഴിഞ്ഞ മൂന്ന് വർഷവും പരീക്ഷണാടിസ്ഥാനത്തിൽ കനാൽ വഴി വെളളം ഒഴുക്കിയിരുന്നുവെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രമായിരുന്നു. ജനുവരിയിൽ തന്നെ പൂർണ്ണ തോതിൽ വെള്ള മൊഴുക്കാൻ കഴിയുന്നത് രണ്ടാം വിള ഇറക്കുന്ന കർഷകർക്കും ആശ്വസകരമാകും. കൂടാതെ കനാൽ പ്രദേശങ്ങളിലെ കിണറുകളിലെ നിരുറവകളേയും ഇത് സ്വാധീനിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement