മാലിന്യത്തിൽ നിന്നും മലർവാടിയിലേക്ക് സന്ദേശവുമായി ഇരിട്ടിയിൽ ഗ്രീൻ ലീഫ് പാർക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു




'മാലിന്യത്തിൽ നിന്നും മലർവാടിയിലേക്ക്' എന്ന സന്ദേശവുമായി ഇരിട്ടി നഗരസഭയുടെ ഗ്രീൻ ലീഫ് പാർക്ക് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത സുന്ദര കേരളത്തിനായുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യക്തി ശുചിത്വത്തിലും വീടുകൾ വൃത്തിയായി വയ്ക്കുന്നതിലും മലയാളികൾ മുന്നിലാണ്. എന്നാൽ പൊതു ഇടങ്ങൾ ശുചിയായി വയ്ക്കുന്നതിൽ കൂടി ശ്രദ്ധ ചെലുത്തേണ്ടേതുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മനോഹരമായ മിനി പാർക്കുകൾ നിർമിച്ചാൽ ആരും മാലിന്യങ്ങൾ നിക്ഷേപിക്കില്ലന്നും നാട്ടുകാർക്ക് ഒത്തുചേരാനും ഇരിക്കാനും ഒരിടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇരിട്ടി കെഎസ്ഇബി ഓഫീസിന് സമീപം നടന്ന പരിപാടിയിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. പാർക്കിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം ഇരട്ടി നഗരസഭയുടെ ശുചിത്വ അംബാസഡറും ചിത്രകാരിയുമായ വിദ്യാസുന്ദർ നിർവ്വഹിച്ചു. ഗ്രീൻ ലീഫ് ചെയർമാൻ അഡ്വ ബിനു കുളമക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന സ്ഥലങ്ങൾ ശുചീകരിച്ചു വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഗ്രീൻ ലീഫ് പാർക്ക്. കണ്ണൂർ ജില്ലയുടെ കുടിവെള്ള വിതരണത്തിന്റെ കേന്ദ്രമായിട്ടുള്ള പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ പുഴയോരത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപേക്ഷിക്കപ്പെട്ട പ്രദേശമായിരുന്നു നേരത്തെ ഇവിടം. മാലിന്യങ്ങൾ നീക്കം ചെയ്ത് ആറുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഉദ്യാനം നിർമിച്ചിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ സാമൂഹിക രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഗ്രീൻ ലീഫ് ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇരിട്ടി നഗരസഭ അധ്യക്ഷ കെ ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, പി.കെ ബള്‍ക്കിസ്, കെ സുരേഷ്, കൗണ്‍സിലര്‍മാരായ വി.പി അബ്ദുല്‍ റഷീദ്, കെ നന്ദനന്‍, വി.ശശി, ഇരിട്ടി നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടില്‍, പി.എ നസീര്‍, ഗ്രീന്‍ ലീഫ് സെക്രട്ടറി എന്‍.ജെ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement