എന്തൊരു ചൂട് ! ഞായറാഴ്ച രാജ്യത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ



കണ്ണൂർ :- ജനുവരി മാസത്തിൽ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) ആണ് രേഖപെടുത്തിയത്. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപെടുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജാഗ്രതയും തുടരണം. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. 

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

Post a Comment

Previous Post Next Post

Join Whatsapp

Advertisement