ഇരിട്ടി: തിരുവനന്തപുരത്ത് നടന്ന 66-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി മികച്ച വിജയം നേടി. വിവിധയിനങ്ങളില്‍ പങ്കെടുത്ത 20 പേരില്‍ 11 പേര്‍ക്കും മെഡല്‍ നേടാനായി. കണ്ണൂര്‍ ജില്ലയ്ക്ക് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടികൊടുക്കുന്നതിലും പഴശ്ശിരാജയുടെ മത്സരാര്‍ത്ഥികള്‍ മികച്ച പങ്കാണ് വഹിച്ചത്. വ്യക്തിഗത മത്സരത്തിലും ടീമിനത്തിലും ആയി നാലു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ആണ് പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ നേടിയത്
കഴിഞ്ഞ 16 വര്‍ഷമായി തികച്ചും സൗജന്യമായാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ അടങ്ങുന്ന താരങ്ങള്‍ക്ക് അക്കാദമിയില്‍ പരിശീലനം നല്‍കുന്നത്. കഴിഞ്ഞകാലങ്ങളില്‍ നടന്ന ജില്ലാ-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ എല്ലാം
വലിയ മുന്നേറ്റമാണ് അക്കാദമിയിലെ താരങ്ങള്‍ നടത്തിയത്. കളരി വിജയത്തിന്റെ പിന്‍ബലത്തില്‍ വിവിധ കോളേജുകളില്‍ അഡ്മിഷനും പിഎസ്‌സി പരീക്ഷയില്‍ പരിഗണനയും ഉള്‍പ്പെടെ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയുടെ ഖേലോ ഇന്ത്യ സ്‌കോളര്‍ഷിപ്പിന് ഈ കളരി അക്കാദമിയിലെ ധാരാളം കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി ശ്രീജയന്‍ ഗുരുക്കളാണ് പരിശീലകന്‍. കഴിഞ്ഞവര്‍ഷത്തെ നാഷണല്‍ ഗെയിംസിലും
നിരവധി മെഡലുകള്‍ അക്കാദമിയിലെ താരങ്ങള്‍ നേടിയിട്ടുണ്ട്.
കെ.ശ്രീലക്ഷ്മി, സി.അനന്യ (സ്വര്‍ണ്ണ മെഡല്‍ -കെട്ടുകാരിപ്പയറ്റ് -ജൂനിയര്‍ പെണ്‍കുട്ടികള്‍), അനശ്വര മുരളീധരന്‍, കീര്‍ത്തന (വെള്ളി, കെട്ടുകാരിപ്പയറ്റ് ), കെ.പി.അനുഗ്രഹ്, കെ.എസ്. അദ്വൈത് (വെള്ളി -വാളും വാളും), സാത്വിക് ഷാജി, അര്‍ജുന്‍ ഷാജി (വെങ്കലം - ഉറുമി പരിച), അനശ്വര മുരളീധരന്‍ (സ്വര്‍ണ്ണം, മെയ്പ്പയറ്റ് സീനിയര്‍ പെണ്‍കുട്ടികള്‍), എ. അശ്വിനി (സ്വര്‍ണ്ണം -ചവിട്ടിപ്പൊങ്ങല്‍ 5.5 ന് മുകളില്‍), കെ.കെ. അയന (സ്വര്‍ണ്ണം -ചവിട്ടിപ്പൊങ്ങല്‍- 5.5 താഴെ) എന്നിവരാണ് മെഡലുകള്‍ നേടിയത്.
കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുത്ത് മികച്ച വിജയം നേടാനുള്ള കഠിന പരിശീലനത്തിലാണ് അക്കാദമിയിലെ താരങ്ങള്‍.
Post a Comment