ദേശീയ കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിർണയഭവന സന്ദർശന ക്യാമ്പയിൻ അശ്വമേധം ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കും. ജനുവരി 30ന് രാവിലെ 10.30ന് ഡിപിസി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്‌നകുമാരി കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി കുഷ്ഠരോഗ ബോധവത്കരണ പോസ്റ്റർ പ്രകാശനവും പ്രതിജ്ഞ എടുക്കലും നടക്കും.
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലെ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിക്കും.
അശ്വമേധം ക്യാമ്പയിനുമായി എല്ലവരും സഹകരിക്കണമെന്നും സ്വയം പരിശോധന വഴിയോ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെയോ ശരീരത്തിൽ കാണപ്പെടുന്ന പാടുകൾ കുഷ്ഠ രോഗമല്ല എന്ന് ഉറപ്പു വരുത്തുവാനും തയ്യാറാകണമെന്നും ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. കുഷ്ഠ രോഗത്തിന് സമഗ്രവും സൗജന്യവുമായ ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തിൽ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മറച്ചു വെക്കേണ്ട കാര്യമില്ലെന്നും ഡി എം ഒ അറിയിച്ചു.
Post a Comment