കണ്ണൂർ : കാക്കയങ്ങാട് നിന്നും കെണിയിൽ കുടുങ്ങി മയക്കുവെടിവെച്ചു പിടിക്കൂടിയ പുലിയെ 12 മണിക്കൂർ നിരീക്ഷണത്തിനു ശേഷം പൂർണ്ണ ആരോഗ്യവാനെന്ന ബോധ്യത്തിൽ വനം വകുപ്പധികൃതർ ഉൾ വനത്തിലേക്ക് വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ കാക്കയങ്ങാട് ജനവാസ മേഖലയിലെ കൃഷിയിടത്തിൽ കാട്ടുപന്നിക്ക് വെച്ച് കെണിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കണ്ടെത്തിയത്. വനം വകുപ്പ് മയക്കു വെടിവെച്ച് പിടിച്ച് 12 മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ഉൾവനത്തിലേക്ക് തുറന്നു വിട്ടത്. പുലി പൂർണ്ണ ആരോഗ്യവനാണെന്ന ബോധ്യമായതോടെയാണ് കർണ്ണാടക വനമേഖലയിലെ ഉൾവനത്തിൽ തുറന്നുവിട്ടതെന്ന് വനം വകുപ്പ് കൊട്ടിയൂർ റെയിഞ്ചർ പി. പ്രസാദ് അറിയിച്ചു.
തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ആറുവയസ്സ് പ്രായം തോന്നിക്കുന്ന പുലിയെ മയക്കുവെടിവെച്ച് പിടിച്ചത്. ആറളം ഫാമിൽ വനം വകുപ്പിന്റെ മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ നിർത്തിയ പുലിക്ക് ബാഹ്യമായോ ആന്തരികമായോ പരിക്കുകളൊന്നും ഇല്ലെന്ന് ബോധ്യമായതോടെയാണ് 12മണിക്കൂറിനുള്ളിൽ തന്നെ തുറന്നുവിടാനായത്. മണിക്കൂറുകളോളം കെണിയിൽ കുടുങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുരുക്ക് മുറുക്കി അന്തരികാവയങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കണക്കാക്കി പുലിയെ വനം വകുപ്പിന്റെ ആർ ആർ ടി യുടെ നിയന്ത്രണത്തിൽ 48മണിക്കൂറുങ്കിലും നിരീക്ഷണത്തിൽ നിർത്തേണ്ടി വരുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. മയക്കുവെടിയേറ്റ് അധികം വൈകാതെ തന്നെ പുലി അതിന്റെ സ്വഭാവിക രീതിയിലേക്ക് തിരിച്ചെത്തി. കൂട്ടിനുള്ളിൽവെച്ച് ഇരിപിടിക്കാൻ ശൗര്യത്തോടെ പാഞ്ഞടുത്തു. കൂട്ടിനുളളിൽ വെച്ച മാംത്സാഹാരം ധൃതിയിൽ കഴിച്ചതും മറ്റ് പ്രയാസങ്ങളൊന്നും പുലിക്കില്ലെന്നതിന്റെ സൂചനയായി. ഇതോടെ ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് വനംവകുപ്പിന്റെ വണ്ടിയിൽ പുലിയെ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിട്ടത്.
Post a Comment