ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് അരോഗാവബോധം സൃഷ്ടിക്കുന്നതിന് നടപ്പാക്കുന്ന 'മധുര നൊമ്പരം' ക്യാമ്പയിന് തുടക്കമായി. നവംബർ 14 മുതൽ ഒരാഴ്ചത്തെ ക്യാമ്പയിൻ രക്തത്തിലെ പഞ്ചസാര അളവ് കൃത്യമായി പരിശോധിക്കാനും ചികിത്സ ഉറപ്പാക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നു. ജില്ലയിലുടനീളം പ്രമേഹ പരിശോധന ക്യാമ്പുകളും പ്രമേഹാവബോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പിയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. 'തടസ്സങ്ങൾ നീക്കാം വിടവുകൾ നികത്താം' എന്നതാണ് ഇത്തവണത്തെ പ്രമേഹ ദിന സന്ദേശം.
പ്രമേഹ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇരിവേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലൻ നിർവഹിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് നഴ്സിംഗ് വിദ്യാർഥികളുടെയും ഇരിവേരി ബ്ലോക്ക് ആശുപത്രിയിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ അരങ്ങേറി. പ്രമേഹ രോഗ ബോധവത്കരണക്ലാസിന് ഇരിവേരി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ കെ മായ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സുമ്പ ഡാൻസും പോസ്റ്റർ പ്രചാരണ ക്യാമ്പയിനും നടന്നു.
എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പഴ്സൺ സി.എം പ്രസീത ടീച്ചർ അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എസ്.എസ് ആർദ്ര, ടി സുധീഷ്, ഹെൽത്ത് സൂപ്പർവൈസർ ഇ മനോജ്. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ടി ബിന്ദു എന്നിവർ സംസാരിച്ചു.
Post a Comment