മാലിന്യങ്ങൾ കെട്ടിനിന്ന് ഒഴുക്ക് നിലച്ചു ദുർഗ്ഗന്ധ പൂരിതമായി പയഞ്ചേരിത്തോട്



ഇരിട്ടി : മാലിന്യങ്ങൾ വന്നടിഞ്ഞ് ഒഴുക്ക് നിലച്ചതോടെ പയഞ്ചേരിത്തോട് ദുർഗന്ധ പൂരിതമായി. ഇതോടെ മഴക്കാലമെന്നോ വേനല്ക്കാലമെന്നോ വ്യത്യസ്ത മില്ലാതെ പ്രദേശവാസികൾക്ക് ദുരിതമായി മാറുകയാണ് ഈ തോട്.  
മഴക്കാലത്ത് തോട്ടിൽ വെള്ളം കവിഞ്ഞൊഴുകിയയാണ് നാശം വിതക്കുന്നതെങ്കിൽ ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞു ഒഴുക്ക് തടസ്സപ്പെട്ട് ദുർഗ്ഗന്ധം പരത്തുന്നതാണ് പ്രദേശ വാസികളെ കഷ്ടത്തിലാക്കുന്നത്. മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ മേഖലയിലെ കെട്ടിടത്തിലേക്ക് വെള്ളം കയറുന്നത് പതിവാണ്. ഇത്തവണ മഴക്കാലത്ത് നാലു തവണയാണ് തോട്ടിൽ നിന്നും ചെളിവെള്ളവും മാലിന്യവും ബ്ലോക്ക് പഞ്ചായത്തിനുള്ളിലേക്ക് കയറിയത്. മഴമാറി നിന്നതോടെ വെള്ളകെട്ട് ഭീഷണി ഒഴിവായെങ്കിലും ഇപ്പോൾ മാലിന്യ പ്രശ്‌നമാണ് പ്രദേശവാസികളെ അലട്ടുന്നത്. 
പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് പദ്ധതി പ്രദേശത്തേക്ക് വെള്ളം കയറിയതോടെ തോട്ടിലേക്കും വെള്ളം കയറി ഒഴുക്ക് തടസ്സപ്പെട്ടതാണ് മലിന ജലം കെട്ടിക്കിടക്കുന്നതിനിടയാക്കുന്നത്. ഇരിട്ടി ഉപജില്ലാ ഓഫീസ് കെട്ടിടത്തിന് മുന്നിലൂടെയാണ് തോട് ഒഴുകുന്നത്. പുഴയിലേക്ക് ഒഴുകുന്ന തോട്ടിലേക്ക് പുഴയിൽ നിന്നും വെള്ളം കയറിയതോടെ മലിന ജലം മുഴുവൻ എ ഇ ഒ ഓഫീസിന് മുന്നിലാണ് കെട്ടിക്കിടക്കുന്നത്. മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധം കാരണം നിരവധി ജീവനക്കാരുള്ള എ ഇ ഒ ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. എ ഇ ഒ ഓഫീസിലെ കിണർ വെള്ളത്തിലേക്കും മലിന്യം കലർന്നതോടെ കിണർ ജലം കുടിക്കാൻ പറ്റാത്ത നിലയിലായി. മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധത്തിന് പുറമെ മേഖലയിൽ കൊതുക് ശല്യവും രൂക്ഷമാണ്.
 ഇതെല്ലാമായിട്ടും തോട് നവീകരണത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കയ്യേറ്റവും മാലിന്യം അടിഞ്ഞും വീതിയും ആഴവും കുറഞ്ഞ് സ്വഭാവിക ഒഴുക്ക് തന്നെ തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പയഞ്ചേരി തോടിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം തോട്ടിൽ തന്നെ കെട്ടിക്കിടക്കുകയാണ്. തോട്ടിൽ നിന്നും പുഴയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാലിന്യവും ചെളിയും അടിഞ്ഞാണ് ഒഴുക്ക് നിലച്ചിരിക്കുന്നത്. മലിന ജലം ഒരേ സ്ഥലത്ത് ദീർഘകാലം കെട്ടിക്കിടന്നത്‌ മൂലം പ്രദേശത്തെ കിണറുകളും മലിനമാകുകയാണ് . പ്രശ്‌നം പ്രദേശവാസികൾ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പഴശ്ശി ജലസേചന വിഭാഗത്തിന്റെ ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടാകണം. എത്രയും പെട്ടെന്ന് തോട്ടിൽ അടിഞ്ഞ ചെളിയും മലിന്യങ്ങളും നീക്കം ചെയ്തില്ലെങ്കിൽ വരും നാളുകളിലും മേഖലയിലെ വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും രൂക്ഷമായി മാറും

Post a Comment

Previous Post Next Post

Join Whatsapp

Advertisement