ഇരിട്ടി: കർണ്ണാടകത്തിന്റെ അധീനതയിലുള്ള ബ്രഹ്മഗിരി സങ്കേതത്തിൽ നിന്നും ഇരു സംസ്ഥാനങ്ങൾക്കും അതിരിട്ടൊഴുകുന്ന ബാരാപ്പോൾ പുഴകടന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങളുടെ ശല്യത്തിന് പരിഹാരമാകുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, മുടിക്കയം, പാലത്തുംകടവ്, ബാരപോൾ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് നബാഡ് പദ്ധതിയിൽ സ്ഥാപിക്കുന്ന 6.5 കിലോമീറ്റർ തൂക്ക് വേലി മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കും. ബാരാപോൾ പുഴയോരത്താണ് വേലി നിർമ്മിക്കുന്നത്. രണ്ട് റീച്ചുകളായി പൂർത്തിയാക്കുന്ന വേലി നിർമ്മാണത്തിന് 39 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വളവുപാറ മുതൽ മുടിക്കയം വരേയും മുടിക്കയും മുതൽ പാലത്തുംകടവ് വരേയും ജനവാസ മേഖലകളെ സംരക്ഷിക്കുന്ന വിധമാണ് വേലി സ്ഥാപിക്കുന്നത്. അവശേഷിക്കുന്ന ഒന്നര കിലോമീറ്റർ ഭാഗം വൈകാതെ തന്നെ പൂർത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ബ്രഹ്മഗിരി സങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനമേഖലയിൽ നിന്നും പുഴകടന്നെത്തി കച്ചേരിക്കടവ് - പാലത്തുംകടവ് റീബിൽഡ് കേരളാ റോഡിൽ വരെ എത്തുന്ന കാട്ടാനകൾ മേഖലയിലെ കർഷകരുടെ കർഷികവിളകൾക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കുന്നത് പതിവായിരുന്നു. നിത്യേന എന്ന വണ്ണം ഉണ്ടാകുന്ന ആനശല്യത്തിൽ പെറുതി മുട്ടിയ ജനങ്ങൾ കഴിഞ്ഞ ദിവസം വനം വകുപ്പ് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. നബാർഡ് സ്‌കീമിൽ 53 കോടി രൂപ കാട്ടാന പ്രതിരോധത്തിനായി അനുവദിച്ചിട്ടും തൂക്ക് വേലി നിർമ്മാണം വൈകുന്നത് മേഖലയിലെ ജനങ്ങൾക്കിടയിൽ വലിയ അമർഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൂക്ക് വേലിയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. കൊട്ടിയൂർ വനമേഖലയിൽ നിന്നും മുടക്കയം, പാലത്തുംകടവ് ഭാഗങ്ങളിലേക്ക് എത്തുന്ന ആനകളേയും പ്രതിരോധിക്കാനുള്ള നടപടികളും തുടങ്ങി.
കച്ചേരിക്കടവിൽ നടന്ന ചടങ്ങിൽ സൗരോർജ്ജ തൂക്ക് വേലിയുടെ പ്രവ്യത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നോലിന്റെ അധ്യക്ഷതയിൽ സണ്ണിജോസഫ് എം എൽ എ നിർവ്വഹിച്ചു. കൊട്ടിയൂർ റെയിഞ്ചർ പി. പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സെലീന ബിജോയി, മിനി വിശ്വനാഥൻ, സിന്ധു ബെന്നി, സിബി വാഴക്കാല, ഐസക്ക് ജോസഫ്, സജിമച്ചിത്താനി, എൽസമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, കച്ചേരിക്കടവ് പള്ളി വികാരി മാത്യുപൊട്ടംപ്ലാക്കൽ, ജനകീയ കമ്മിറ്റി ഭാരവാഹികളായ വിൽസൺ കുറുപ്പൻ പറമ്പിൽ, ടോമിസൈമൺ, ബിജുപുതിയ വീട്ടിൽ, സാബു വെട്ടിക്കാട്ടിൽ, ബെന്നി എന്നിവർ സംബന്ധിച്ചു.
Post a Comment