ചരിത്ര സ്മൃതികൾ കാത്തുസൂക്ഷിക്കേണ്ടത് പുതിയ തലമുറയോട് കാണിക്കേണ്ട ചരിത്രപരമായ ധർമ്മമാണെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തുടനീളം വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ 22 മ്യൂസിയങ്ങൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. മ്യൂസിയങ്ങൾ ഇല്ലാതിരുന്ന കണ്ണൂരിൽ ഏഴോളം മ്യൂസിയങ്ങളുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കണ്ണൂരിൽ കൈത്തറി മ്യൂസിയം, പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ സയൻസ് പാർക്കിലെ പുരാരേഖാ മ്യൂസിയം, കണ്ടോന്താറിൽ പ്രാദേശിക ചരിത്ര മ്യൂസിയം എന്നിവ നാടിന് സമർപ്പിച്ചു. പെരളശ്ശേരിയിലെ എകെജി സ്മൃതി മ്യൂസിയം, കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വെള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നിവ നിർമ്മാണത്തിലാണ്. കഥ പറയുന്ന മ്യൂസിയങ്ങളായാണിവ സജ്ജീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
1924ൽ ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം കൈത്തറി മ്യൂസിയത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഈ തുണിത്തരങ്ങൾ നൂറു വർഷങ്ങൾക്ക് ശേഷമാണ് ലോക പൈതൃക വാരാചരണത്തിന്റെ ഭാഗമായി ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഗോൾഡൻ എംബ്രോയ്ഡറി ടേബിൾ മാറ്റ്, അലങ്കാര പായ ഡോയിലി, പർപ്പിൾ സെൻറർ എംബ്രോയ്ഡറി ലേയ്‌സ്, കോർസെറ്റ് എന്നിവ പ്രദർശനത്തിലുണ്ട്. പ്രദർശനം 20നും ഉണ്ടാവും.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി. കോർപറേഷൻ കൗൺസിലർ പി വി ജയസൂര്യൻ, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കേരള ദിനേശ് ചെയർമാൻ എംകെ ദിനേശ്ബാബു, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പിഎസ് മഞ്ജുളാദേവി, ഹാൻവീവ് എംഡി അരുണാചലം സുകുമാർ, ഹാൻവീവ് ഡയറക്ടർ താവം ബാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കോഴിക്കോട് കൃഷ്ണമേനോൻ ആർട് ഗ്യാലറി ആൻഡ് മ്യൂസിയം സൂപ്രണ്ട് പിഎസ് പ്രിയരാജൻ, രാഷ്ട്രീയപാർട്ടി നേതാക്കളായ വെള്ളോറ രാജൻ, എം ഉണ്ണികൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, അസ്‌ലം പിലാക്കീൽ എന്നിവർ സംസാരിച്ചു.
'മലബാറിന്റെ പൈതൃകം' എന്ന വിഷയത്തിൽ യു.പി., ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
Post a Comment