ഇരിട്ടി: നഗരത്തിൽ വലിച്ചെറിഞ്ഞ ജൈവ മാലിന്യങ്ങൾ വളമാക്കി പണമക്കി മാറ്റുകയാണ് ഇരിട്ടി നഗരസഭ. നഗരസഭയിലെ പ്രധാന നഗരങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്‌ക്കരിച്ച് ജൈവ വളമായി മാറ്റി തൊഴിലും വരുമാനവും സാധ്യമാക്കുന്ന പ്രവർത്തനങ്ങളിലാണ് നഗരസഭ വിജയം കൈവരിച്ചിരിക്കുന്നത്. ജൈവ മാലിന്യങ്ങൾ തുമ്പൂർ മുഴി, വിൻട്രോ കംമ്പോസ്റ്റ് എന്നിവയിലൂടെ സംസ്‌ക്കരിച്ച് നഗരസഭ ജൈവവളമാക്കി വില്പ്പന തുടങ്ങി.
ഹരിത കർമ്മ സേനാംഗങ്ങൾ ടൗണിൽ നിന്നും ദിനം പ്രതി ശേഖരിക്കുന്ന 1.5 ടൺ ജൈവ മാലിന്യം അത്തിത്തട്ടിലെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിൽ എത്തിച്ച് സംസ്‌ക്കരിച്ചാണ് ജൈവ വളമാക്കി മാറ്റുന്നത്. നഗരത്തിലെ ചെറുതും വലുതമായ 55 വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ജൈവ മാലിന്യങ്ങൾ യൂസർ ഫീ വാങ്ങി ശേഖരിക്കുന്നത്. സംസ്‌ക്കരണ കേന്ദ്രത്തിൽ പ്രത്യേകം തെയ്യാറാക്കിയ സംസ്‌ക്കരണ രീതിയിലൂടെ ഉണക്കി പൊടിച്ചാണ് ജൈവവളമാക്കി വില്പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസത്തേയും മാലിന്യങ്ങൾ 20 ദിവസത്തിനുള്ളിൽ സംസ്‌ക്കരിച്ചെടുക്കാൻ സാധിക്കും. മഴക്കാലങ്ങളിൽ ഈർപ്പം പൂർണ്ണമായും ഇല്ലാതാക്കി ഉണക്കിയെടുക്കാൻ 40 ദിവസത്തോളം എടുക്കും.
ജൈവാമൃതം എന്ന പേരിലാണ് നഗരസഭ ഇപ്പോൾ ജൈവവളം വില്പന ചെയ്യുന്നത്. 25കിലോ വരുന്ന ഒരു ചാക്കിന് 100 രൂപ ഈടാക്കിയാണ് നഗരസഭ നേരിട്ട് വില്പന നടത്തുന്നത്. കൂടുതൽ ഉദ്പ്പാദനവും വളലഭ്യതയും അടുത്ത ദിവസം മുതൽ ശക്തിപ്പെടുത്തുമെന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ പറഞ്ഞു. ജൈവ വള വില്പനയുടെയും ട്രഞ്ചിംങ് ഗ്രൗണ്ടിലെ എംസിഎഫിൽ അഗ്‌നി സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെയും ഉദ്‌ഘാടനം ചെയർപേഴ്‌സൺ കെ.ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, കെ. സുരേഷ്, കൗൺസിലർ എൻ.കെ. ഇന്ദുമതി, പി.രഘു, ക്ലീൻസിറ്റി മാനേജർ കെ.വി. രാജിവൻ, ഹരിത കേരള മിഷൻ റിസോസ്സ് പേഴ്‌സൺ ജയപ്രകാശ് പന്തക്ക, നഗരസഭ ആസുത്രണ സമിതി വൈസ് ചെയർമാൻ കെ.ആർ. അശോകൻ എന്നിവർ സംസാരിച്ചു.
Post a Comment